2016, ഡിസംബർ 8, വ്യാഴാഴ്‌ച

എന്റെ തലനാട്‌
മലനിരകൾ തരുവരികൾ കുഴികൾ താഴ് വരകൾ
മനതാരിൽ സുഖമരുളും ചുഴികൾതൻ നുരകൾ
മാമ്പൂവിൻ മണമുള്ളൊരു മലയോരക്കാറ്റും
മലർനിറയും കാപ്പിച്ചെടി, ചിതറും വെയിലേറ്റും
കിളിമൊഴിയാലൊഴുകും എൻ തലനാടൻ തോടും
കളിയായ് തുമ്പികളും; പൂമ്പാറ്റകൾ പൂതോറും

കാക്കപ്പൂ കോളാമ്പിപ്പൂ നിറയും പുല്ലിൽ
കുസൃതിച്ചാട്ടം ചാടും ചീവീടുകൾ മെല്ലെ
കാവി, കൂമൻ, പൊൻമാൻ, കരിയില പക്ഷി
കൂവും പൂവൻ; മുറ്റം നിറയെ കാക്കച്ചി
അണ്ണാൻ ചിഞ്ചിലവും കൊഞ്ചും തത്തക്കിളിയും
എണ്ണാനാവുന്നീലാ കുളിരേകും മൊഴിയും

ഉണ്ണിമാങ്ങ, പച്ചമാങ്ങ, പഴംമാങ്ങ കിട്ടാൻ
ഉണ്ണികളായ് മല്ലിടുമാ മാഞ്ചോട്ടിൽ കൂട്ടായ്
ജാതിക്കാ പേരയ്ക്കാ ചാമ്പയ്ക്കാ തിന്നാൽ
ചോദിക്കാനാളില്ല; കണക്കില്ലതിന്നാൽ

കട്ടിക്കടലാസ് കൊണ്ടൊരു കളിവണ്ടിക്കോലം
കിട്ടും ചെരുപ്പിന്റെ ചക്രവുമാക്കാലം
ഓലപ്പീപ്പി, പാമ്പും, പമ്പരവും വേഗം
എളുപ്പം നെയ്യാം കളിപ്പാട്ടങ്ങളുമനേകം

ബാല്യം തീർന്നപ്പോൾ ഞാൻ എൻനാടും വിട്ടു
ബല്യോരാളാകാനായ് നഗരത്തിൽ പെട്ടു
ഇന്നും എൻ സ്വപ്നത്തിൽ നീയെൻ തലനാടേ
അന്നെന്റെ സ്വർഗ്ഗമായ് നിന്ന മലനാടേ