2016, ഡിസംബർ 8, വ്യാഴാഴ്‌ച

എന്റെ തലനാട്‌
മലനിരകൾ തരുവരികൾ കുഴികൾ താഴ് വരകൾ
മനതാരിൽ സുഖമരുളും ചുഴികൾതൻ നുരകൾ
മാമ്പൂവിൻ മണമുള്ളൊരു മലയോരക്കാറ്റും
മലർനിറയും കാപ്പിച്ചെടി, ചിതറും വെയിലേറ്റും
കിളിമൊഴിയാലൊഴുകും എൻ തലനാടൻ തോടും
കളിയായ് തുമ്പികളും; പൂമ്പാറ്റകൾ പൂതോറും

കാക്കപ്പൂ കോളാമ്പിപ്പൂ നിറയും പുല്ലിൽ
കുസൃതിച്ചാട്ടം ചാടും ചീവീടുകൾ മെല്ലെ
കാവി, കൂമൻ, പൊൻമാൻ, കരിയില പക്ഷി
കൂവും പൂവൻ; മുറ്റം നിറയെ കാക്കച്ചി
അണ്ണാൻ ചിഞ്ചിലവും കൊഞ്ചും തത്തക്കിളിയും
എണ്ണാനാവുന്നീലാ കുളിരേകും മൊഴിയും

ഉണ്ണിമാങ്ങ, പച്ചമാങ്ങ, പഴംമാങ്ങ കിട്ടാൻ
ഉണ്ണികളായ് മല്ലിടുമാ മാഞ്ചോട്ടിൽ കൂട്ടായ്
ജാതിക്കാ പേരയ്ക്കാ ചാമ്പയ്ക്കാ തിന്നാൽ
ചോദിക്കാനാളില്ല; കണക്കില്ലതിന്നാൽ

കട്ടിക്കടലാസ് കൊണ്ടൊരു കളിവണ്ടിക്കോലം
കിട്ടും ചെരുപ്പിന്റെ ചക്രവുമാക്കാലം
ഓലപ്പീപ്പി, പാമ്പും, പമ്പരവും വേഗം
എളുപ്പം നെയ്യാം കളിപ്പാട്ടങ്ങളുമനേകം

ബാല്യം തീർന്നപ്പോൾ ഞാൻ എൻനാടും വിട്ടു
ബല്യോരാളാകാനായ് നഗരത്തിൽ പെട്ടു
ഇന്നും എൻ സ്വപ്നത്തിൽ നീയെൻ തലനാടേ
അന്നെന്റെ സ്വർഗ്ഗമായ് നിന്ന മലനാടേ

2015, നവംബർ 7, ശനിയാഴ്‌ച

സുധാമൃതം
--------------------
പ്രണയമേ നീയെന്നുമരികിലുണ്ടെങ്കില്‍ 
ഒരു നാളും അമരത്തിനടിമയാകില്ല ഞാന്‍
വര്‍ഷസിന്ദൂരം തൂകി നീ എത്തിനാല്‍
ഹര്‍ഷബഷ്പയായ്‌ സ്പന്ദിക്കുമെന്‍ മനം
.
അതിലോലമൃദുലമാം മധുരപുടങ്ങളില്‍
മതിവരുവോളം നീ ചുംബിച്ചുണര്‍ത്തണo
സ്വരരാഗവല്ലിയില്‍ പൂക്കും സുമങ്ങളില്‍--
കാണുന്നുവോ ഒരു പ്രേമഭിക്ഷാംദേഹിയെ--
-----------.
ഭഗ്നദു;ഖത്തിലും മുക്തയാക്കീടാനെന്‍
ഭാവനാവൈഭവം തൊട്ടുണര്‍ത്തേണo നീ
സത്യസ്വരൂപമേ ,പ്രണയപ്രഭാവമേ-- ദേവാ-
ഈ ശപ്തജീവിതം ധന്യമാക്കീടണേ--!!!!
.
പുലരിക്കുദിക്കുന്ന ആദിത്യദേവപ്രഭക്ക്
പ്രണവമന്ത്രസ്തുതി ചൊല്ലി നില്ക്കേ
ജ്യോതിസ്വരൂപന്‍റെ കരലാളനങ്ങളാല്‍
പഞ്ചേന്ദ്രിയങ്ങളില്‍ ചുരത്തും സുധാമൃതം

2015, നവംബർ 1, ഞായറാഴ്‌ച

സന്ധ്യ
-----------
മധു പകര്‍ന്നാടും ചെമ്പകപൂവിലും പൊന്നേ
നിന്‍റെ സ്നേഹം കണ്ടിരുന്നൂ ഞാന്‍
മഞ്ഞുതുള്ളികള്‍ ചിതറിത്തെറിക്കും കപോലo
ആര്‍ദ്രഭാവം തുളളി തുളുമ്പി നിന്നു
.
പ്രണയം തളിര്‍ക്കും മനസ്സില്‍ ഞാന്‍ നിന്‍റെ
മാധവനായ്‌ വന്നു ഉദിച്ചു നില്ക്കാം
ചൂടേറ്റു വാടിതളരാതെ അരുമയോടെന്നുമെന്‍
ഹൃദയകോവിലില്‍ പാര്‍ത്തുകൊള്ളൂ.
.
രാവില്‍ മയങ്ങാന്‍ സുഖമുള്ള ചിന്തുകള്‍
വാരിച്ചൂടി താരാട്ടിക്കൂടെയുറക്കീടാം
പൊട്ടിവിടരുന്ന പുലരിയില്‍ ഞാന്‍ നിന്നെ
സപ്തസ്വരങ്ങളിലലിച്ച് ഇറക്കാം
.
കാവ്യസുന്ദരീ---നിന്‍ കോമാളമുഖശ്രീയില്‍
പൂത്തു നില്ക്കുന്നൊരു കേളീവസന്തം
വയല്‍പൂവിനുള്ളിലും വൈഡൂര്യമണിയിച്ച്
പ്രഭതൂകിയഴകായ്‌ അണയൂ ഋതുമതീ
.
പകലില്‍ ഞാന്‍ പരതിനടക്കുമ്പോള്‍ വന്നു
തെന്നലായ് എന്നെ പൊതിഞ്ഞീടണം
അസ്തമയനേരത്തു സന്ധ്യാലക്ഷ്മിയായ്
ചന്ദനപല്ലക്കില്‍ നിത്യേ നീ വരേണം
.
തളിരിളം മക്കളെ പരിചരിക്കാന്‍ അമ്മയായ്
മടി നീട്ടി ദിനവും വിളയാടിടേണo സഖീ
ദേവാംഗനേ---ദേവീ നീയെന്‍റെ നിത്യകാമുകി
എഴുതിയാല്‍ തീരാത്തൊരു പ്രണയകാവ്യം
.
നിന്‍റെ ചിരകാലസ്വപ്നം സഫലമാക്കീടുവാന്‍
പുണ്യസമാഗമം കൊതിക്കുന്നു ഞാനിപ്പോള്‍
മന്‍മനോവീണയില്‍ തംബുരു മീട്ടും ശ്രീരാഗമായ്
നാദപ്രവാഹിനീ പ്രിയേ, വരികയെന്‍റെചാരെ

2015, ഒക്‌ടോബർ 28, ബുധനാഴ്‌ച



നാലുകെട്ട്------കവിത-3------ ബാക്കി ഭാഗം നാളേക്ക്
-----------------------
പൂമുഖത്തിന്നു മുണ്ടാട്ടുകട്ടില്‍
ആരോരുമില്ലാതനാഥമായ്
ഒരുപാടുഭാരംചുമന്നൊടുവില്‍
ഇളവേല്ക്കുമൊട്ടകമെന്നപോലെ
.
നാട്ടിന്‍ പുറത്തിന്‍റെ നെറ്റിയിലെ
മാലേയ മംഗള പൊട്ടുപോലെ
താനേജ്വലിച്ചു തിളങ്ങി നിന്ന
ഗോപുരം താഴെത്തുടഞ്ഞു വീണു
.
ഭൂതകാലങ്ങള്‍ അയവിറക്കിനിന്നു
കോള്‍മയിര്‍ കൊള്ളുമീ നാലുകെട്ടില്‍
ഞാനെന്‍റെ ബാല്യം മറന്നു വെച്ച
തേനൂറും ഓര്‍മ്മകള്‍ പങ്കിടട്ടെ
.
അരമന പോലെ തിളങ്ങി നിന്നോ-
രഭിമാനനക്ഷത്ര ജന്മഗേഹം
മാറാലയാലേ ചമച്ചു ഞൂതന്‍
മാനത്തു മുട്ടുന്ന കൊട്ടാരങ്ങള്‍
.
ആയില്യം സർപ്പക്കാവിലെ വള്ളികൾ
ചുറ്റിക്കിടക്കുന്നു നാഗങ്ങളായ്
മഞ്ഞളുതൂകിയ കൽമണ്ഡപങ്ങളിൽ
പൂക്കുലപോലെയിഴയുന്നു വല്മീകം
.
.കുത്തുവിളക്കുപോൽ പ്രോജലമായൊരു-
''ഭദ്രാലയം'' ഇന്നു നാമക്ഷരങ്ങളിൽ
നക്ഷ്ടപ്രതാപമയവിറക്കീടുമീ
ഗദ്ഗദം കേവലം ആ വനരോദനം
.
കുത്തുവിളക്കുപോൽ പ്രോജ്ജ്വലമായൊരു-
''ഭദ്രാലയം'' ഇന്നു നാലക്ഷരങ്ങളിൽ
നക്ഷ്ടപ്രതാപമയവിറക്കീടുമീ
ഗദ്ഗദം കേവലം ആ വനരോദനം
.
കൊത്തുപണികളാലിമ്പo പകര്‍ന്ന
ചിത്രത്തൂണൊക്കെ ചിതലരിച്ചു
സിoഹാസ്സനംപോലച്ഛന്നുറങ്ങിയ
ചാരുകസേരമേല്‍ മാര്‍ജജാരവാസമായ്‌
.
ഇത്തിളുമൂടിയകല്‍ക്കണ്ട മാങ്കൊമ്പിൽ
എത്തിപ്പിടിക്കുന്നു സീതത്താലിയും
പുല്ലുചേക്കേറിയ പൂവണിമുറ്റത്തെ
മണ്ണില്‍ കുഴിയാന കൂട്ചമയ്ക്കുന്നു
.
പൂത്തുലഞ്ഞു നിന്നാമഞ്ഞതെച്ചിയും
വേരോടുണങ്ങി പട്ടുകിടക്കുന്നു
അന്തിത്തിരിയണഞ്ഞ ചെരാതെല്ലാം
തറയിലുടഞ്ഞു ചിതറിക്കിടക്കുന്നു
.
തെക്കേത്തൊടിയിലെ അസ്ഥിത്തറയും
പുല്‍ക്കൂട് മൂടിത്തേങ്ങിക്കരയുന്നു
ഉറ്റവരെ കാണാന്‍ കാത്തു കിടക്കുന്ന
ആത്മാക്കള്‍ക്കെന്നിനി നിത്യശാന്തി
.
കാടുപിടിച്ചുകിടക്കും കുരിയാല
തേനിച്ചകള്‍ സ്വന്തം കൂരകള്‍ കൂട്ടുന്നു
ചാരത്തുണങ്ങി നില്ക്കുന്നഞാവലും
പഞ്ഞ്ജരംപോലെ കാറ്റിലിളകുന്നു
.
കടവ്പൊട്ടിയ നീന്തല്‍കുളത്തില്‍
വെള്ളാമ്പലുകള്‍ ചിരിച്ചുലയുന്നു
പായല്മൂടി കിടക്കും നടുവിലായ്
നീര്‍ക്കോലി നീന്തിയിരയെ വിഴുങ്ങുന്നു
.
ചെമ്പനീര്‍ചാമ്പ തളിരിട്ടു പൂക്കളാല്‍
വൃത്തത്തില്‍ പന്തലൊരുക്കി തണലേകി
മന്ദാരവും പവിഴമല്ലിയും മുല്ലയും
ആവണിപ്പൂവറ വാരിനിറക്കുന്നു
.
വടക്കിനിക്കോലായില്‍ വറ്റാത്തുറവ
ശുദ്ധമാo തെളിനീരിന്നും നിറയ്‌ക്കുന്നു
തുരുമ്പിച്ചകോരിന്മേലഴിഞ്ഞ കയര്‍തുണ്ട്
പൊട്ടിമാറിയകലെ പാമ്പായ്‌ക്കിടക്കുന്നു

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

സൗപര്‍ണ്ണിക
------------------------
മനസ്സിനുള്ളില്‍ മഥിക്കുമോര്‍മ്മകള്‍ മുളച്ചു
പിന്നേയും തളിരിടുന്നു ഗതകാലവിസ്മയം 
മരിക്കുന്നില്ല നീയൊരിക്കലും പോയകാലം 
കനിഞ്ഞു നല്കിയെത്രസുലഭസൌഭാഗ്യം
.
റാണിയെപോലെ വിലസിനിന്നിരുന്നതും
അണിഞ്ഞൊരുങ്ങിയഴകില്‍കുളിച്ചു തല-
യുയര്‍ത്തി നാടിന്‍ തിലകമായിരുന്നതും
മറന്നിരിക്കാം, പക്ഷേ പുതുതലമുറക്കാര്‍
.
വിരഹത്താല്‍ നോവും മനസ്സുമായ് ഞാന്‍
ഈ ഏകാന്തതീരത്ത്‌ തനിച്ചൊന്നിരിക്കട്ടെ
കൊച്ചൂടുവഴികളില്‍ ദു:ഖം തളിര്‍ക്കുന്നു
പാഴായ് പതിരായ സ്വപ്നമുകുളങ്ങളും
വിരസമാം പകലുകള്‍ നെഞ്ചിന്‍ തുഞ്ചത്ത്
ഊഞ്ഞാലു കെട്ടാനൊരുങ്ങീ വ്യഥകളാല്‍
.
സരളമായ് പാടിയുറക്കുന്ന രാവുകള്‍
ഉലയിട്ടു ചുണ്ടിലുരക്കുന്നു ചെന്ന്യായം
മറവിതന്‍ മാറാല മൂടിപ്പുതച്ചുചുരുളും
തെക്കിനിയില്‍ ഭൂതകാലസ്മരണകള്‍
ഓര്‍മ്മകളോരോന്നായ്തോരണം കെട്ടി
പേക്കോലം തുള്ളുന്നു മുറ്റത്തരങ്ങത്ത്
.
മടങ്ങിയെത്തുമെന്നുരക്കവാന്‍ മടിച്ചന്നാള്‍
വിടചൊല്ലും വാക്കുകള്‍ വിതുമ്പിപ്പോയതും
നിറഞ്ഞ കണ്‍കോണില്‍ പകര്‍ത്തി നിന്നെ
തിരിഞ്ഞുനോക്കതെയകന്നു മെല്ലേ ഞാന്‍
.
ഒരിക്കലും സ്നേഹഗേഹമണ്‍തരികളില്‍
ഉണര്‍ത്തുപാട്ടുകള്‍ ഉണരുകില്ലന്നറിഞ്ഞ്
ഞാന്‍ വന്നൊളിച്ചു നോക്കുമ്പോള്‍,കണ്ടു
ശിഥിലമായ നിന്‍റെ ഉടഞ്ഞാര്‍ദ്ര കോലങ്ങള്‍
പുതിയ യന്ത്രങ്ങള്‍ ചിരിച്ച്നിരയായ്കൂടി
മറവു ചെയ്യുവാന്‍ വേഗം കോരിമാറ്റുന്നു
.
പ്രണയമായിരുന്നെനിക്കെന്‍''സൗപര്‍ണ്ണികേ''
മടങ്ങിയെത്തുവാന്‍ മാടി വിളിച്ചതും കേട്ടു
തിരികെയെത്തിത്തേടിവന്നിരുന്നു ഞാനന്ന്
പുതിയമേടക്കായവര്‍ കഷ്ടം കഥകഴിച്ചില്ലേ!

2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

യാത്ര--
--------------------------------------
വിടരാതെയടര്‍ന്നൊരു ശംഖുപുഷ്പം
മണ്ണിനോടൊട്ടി മരിക്കാന്‍ നിനച്ചുപോയ്
കാലത്തിനൊപ്പം കുതിക്കുവാനാകാതെ
മരണം വരിച്ചു നിതാന്തമീ ഭൂവില്‍
.
ഇന്നലെ പകലവള്‍ സൂര്യമുഖിയായ്
തെല്ലും പരിഭവം കൂടാതെ തന്നെയും
വിണ്ണിനെ നോക്കിക്കൊതിച്ചു ചൊല്ലീ
ഇല്ലനിക്കായുസ്സു തീരെയില്ലങ്കിലുമൊരു
ക്ഷണം മിഴിചിമ്മിയുണരാന്‍ വരമരളൂ
.
സൂര്യഗായത്രിമന്ത്രം നൂറ്റൊന്നുരുവിട്ടു
പഞ്ചാക്ഷരിയോ പതിനായിരത്തൊന്നും
പിന്നേയും പോരാഞ്ഞു മൊട്ടായി നിന്നു
മനമുരുകി ഒരുഞെട്ടില്‍ തപസ്സ് ചെയ്തു
.
മഞ്ഞില്‍കുളിച്ചിഷ്ടമംഗലാപാഗിoയായ്‌
പുലരുന്നതും കാത്തു വിറയോടെ നിന്നു
നിര്‍ദയം തട്ടിയുടച്ചീമോഹങ്ങളൊക്കെയും
കഷ്ടമായില്ലേയെന്‍ ആയുസ്സ് നിഷ്ഫലം
.
കട്ടുറുമ്പുകള്‍ മൂടിപൊതിഞ്ഞെന്‍റെയീ--
കരളിന്‍റെയുള്ളില്‍ കടന്നാക്രമിക്കുമ്പോള്‍
അമ്മമനസ്സിന്‍റെ പേറ്റുനോവെന്തെന്നു ഞാ-
നറിയുന്നൂ ഇന്നീ വിശ്വപ്രപഞ്ചത്തില്‍
.
പെട്ടന്നു കാര്‍മേഘം ഗര്‍ജ്ജിച്ചലറുന്നുവോ!
പൂപോലെ പൊഴിഞ്ഞൂ കണ്ണുനീര്‍തുള്ളികള്‍
അവളതിലൂടെ മുങ്ങി അലിഞ്ഞലിഞ്ഞവസാനം
പുതുജന്മവും കാത്തു മരണത്തിലേക്കൊരുയാത്ര--
---------------മരണമൊരു തുടര്‍ക്കഥ-----------------

2015, സെപ്റ്റംബർ 27, ഞായറാഴ്‌ച

'' കാലാതീതം---കുറെ വരികളും കൂടി ചാര്‍ത്തി
-------------------
വിരഹാര്‍ത്തനായ് കേഴുന്നോ പ്രിയനെയിന്നു- 
കാണുന്നു നിന്നുള്ളിളിലെ രാഗാദ്രഭാവം ഞാന്‍
.
നിന്‍ മേനയിലെ പുള്ളികഞ്ചുകം പൂക്കളായ്‌
കാനനത്തിന് വര്‍ണ്ണാഭ ചാര്‍ത്തി വിളങ്ങുന്നു
.
വരുമൊരുനാള്‍ പ്രണയാദ്രയായ് അരുകില്‍
തരുകനീയന്ന് നിന്നിലെ ചൂടും സുഗന്ധവും
.
നീയെനിക്കേകി മധുവായ് മധുര ചുബനം
പലതും തെളിക്കുന്നെന്‍ ചിത്തം തേങ്ങുന്നു
.
അകലെനീയൊറ്റക്കലിവോടെ മൊഴിയുന്നതറി-
യാതെയറിയുന്നു ഹേമന്തയാമങ്ങളില്‍ ഞാന്‍
-- -- -- -- --
പൂക്കളെത്തേടിപ്പറക്കുന്ന പൂമ്പാറ്റ വാസന്ത-
സുരചിതരാത്രിയിലുണര്‍ന്നിരിക്കും പോലെ
.
ഞാനുമീയേകാന്ത തീരത്ത്‌ തിരതല്ലിക്കരയുo
കാളിന്ദിയാറിന്‍ തീരാവ്യഥയുടെ പഴക്കഥ കേട്ടു
.
കൊമ്പുകള്‍കോതിയ നീലക്കടമ്പിന്‍ തുഞ്ചത്ത്
ഗോപികമാരുടെ നനഞ്ഞചേലച്ചുറ്റി മദനകേളി-
.
യാടും കണ്ണനെ കണ്‍പാര്‍ത്തും നഗ്നമാംനാഭിയില്‍
ഇടംകൈചുറ്റി മറുകൈപൊക്കി മാറിടംമറക്കാന്‍
.
ബദ്ധരാകും തോഴിമാരേ കണ്‍കളാലുഴിഞ്ഞാസ്വ-
ദിക്കും ഭഗവാന്‍റെ രാസലാസവലഹരി നുകര്‍ന്നും
.
ഇമവെട്ടിയുണരുമ്പോള്‍ കണ്ണീര്‍നനവിലുടഞ്ഞു
ചുവന്ന കണ്ണുമായ് കാലം കഴിക്കുന്ന രാധയുടെ
.
നൊമ്പരത്തിരകളാല്‍ വാടിത്തളര്‍ന്ന മുഖമിവിടെ
കാണാം കാമിനീയീപാതിരാവിലും നിന്നിലൂടെ