2015, ഒക്‌ടോബർ 28, ബുധനാഴ്‌ച



നാലുകെട്ട്------കവിത-3------ ബാക്കി ഭാഗം നാളേക്ക്
-----------------------
പൂമുഖത്തിന്നു മുണ്ടാട്ടുകട്ടില്‍
ആരോരുമില്ലാതനാഥമായ്
ഒരുപാടുഭാരംചുമന്നൊടുവില്‍
ഇളവേല്ക്കുമൊട്ടകമെന്നപോലെ
.
നാട്ടിന്‍ പുറത്തിന്‍റെ നെറ്റിയിലെ
മാലേയ മംഗള പൊട്ടുപോലെ
താനേജ്വലിച്ചു തിളങ്ങി നിന്ന
ഗോപുരം താഴെത്തുടഞ്ഞു വീണു
.
ഭൂതകാലങ്ങള്‍ അയവിറക്കിനിന്നു
കോള്‍മയിര്‍ കൊള്ളുമീ നാലുകെട്ടില്‍
ഞാനെന്‍റെ ബാല്യം മറന്നു വെച്ച
തേനൂറും ഓര്‍മ്മകള്‍ പങ്കിടട്ടെ
.
അരമന പോലെ തിളങ്ങി നിന്നോ-
രഭിമാനനക്ഷത്ര ജന്മഗേഹം
മാറാലയാലേ ചമച്ചു ഞൂതന്‍
മാനത്തു മുട്ടുന്ന കൊട്ടാരങ്ങള്‍
.
ആയില്യം സർപ്പക്കാവിലെ വള്ളികൾ
ചുറ്റിക്കിടക്കുന്നു നാഗങ്ങളായ്
മഞ്ഞളുതൂകിയ കൽമണ്ഡപങ്ങളിൽ
പൂക്കുലപോലെയിഴയുന്നു വല്മീകം
.
.കുത്തുവിളക്കുപോൽ പ്രോജലമായൊരു-
''ഭദ്രാലയം'' ഇന്നു നാമക്ഷരങ്ങളിൽ
നക്ഷ്ടപ്രതാപമയവിറക്കീടുമീ
ഗദ്ഗദം കേവലം ആ വനരോദനം
.
കുത്തുവിളക്കുപോൽ പ്രോജ്ജ്വലമായൊരു-
''ഭദ്രാലയം'' ഇന്നു നാലക്ഷരങ്ങളിൽ
നക്ഷ്ടപ്രതാപമയവിറക്കീടുമീ
ഗദ്ഗദം കേവലം ആ വനരോദനം
.
കൊത്തുപണികളാലിമ്പo പകര്‍ന്ന
ചിത്രത്തൂണൊക്കെ ചിതലരിച്ചു
സിoഹാസ്സനംപോലച്ഛന്നുറങ്ങിയ
ചാരുകസേരമേല്‍ മാര്‍ജജാരവാസമായ്‌
.
ഇത്തിളുമൂടിയകല്‍ക്കണ്ട മാങ്കൊമ്പിൽ
എത്തിപ്പിടിക്കുന്നു സീതത്താലിയും
പുല്ലുചേക്കേറിയ പൂവണിമുറ്റത്തെ
മണ്ണില്‍ കുഴിയാന കൂട്ചമയ്ക്കുന്നു
.
പൂത്തുലഞ്ഞു നിന്നാമഞ്ഞതെച്ചിയും
വേരോടുണങ്ങി പട്ടുകിടക്കുന്നു
അന്തിത്തിരിയണഞ്ഞ ചെരാതെല്ലാം
തറയിലുടഞ്ഞു ചിതറിക്കിടക്കുന്നു
.
തെക്കേത്തൊടിയിലെ അസ്ഥിത്തറയും
പുല്‍ക്കൂട് മൂടിത്തേങ്ങിക്കരയുന്നു
ഉറ്റവരെ കാണാന്‍ കാത്തു കിടക്കുന്ന
ആത്മാക്കള്‍ക്കെന്നിനി നിത്യശാന്തി
.
കാടുപിടിച്ചുകിടക്കും കുരിയാല
തേനിച്ചകള്‍ സ്വന്തം കൂരകള്‍ കൂട്ടുന്നു
ചാരത്തുണങ്ങി നില്ക്കുന്നഞാവലും
പഞ്ഞ്ജരംപോലെ കാറ്റിലിളകുന്നു
.
കടവ്പൊട്ടിയ നീന്തല്‍കുളത്തില്‍
വെള്ളാമ്പലുകള്‍ ചിരിച്ചുലയുന്നു
പായല്മൂടി കിടക്കും നടുവിലായ്
നീര്‍ക്കോലി നീന്തിയിരയെ വിഴുങ്ങുന്നു
.
ചെമ്പനീര്‍ചാമ്പ തളിരിട്ടു പൂക്കളാല്‍
വൃത്തത്തില്‍ പന്തലൊരുക്കി തണലേകി
മന്ദാരവും പവിഴമല്ലിയും മുല്ലയും
ആവണിപ്പൂവറ വാരിനിറക്കുന്നു
.
വടക്കിനിക്കോലായില്‍ വറ്റാത്തുറവ
ശുദ്ധമാo തെളിനീരിന്നും നിറയ്‌ക്കുന്നു
തുരുമ്പിച്ചകോരിന്മേലഴിഞ്ഞ കയര്‍തുണ്ട്
പൊട്ടിമാറിയകലെ പാമ്പായ്‌ക്കിടക്കുന്നു

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

സൗപര്‍ണ്ണിക
------------------------
മനസ്സിനുള്ളില്‍ മഥിക്കുമോര്‍മ്മകള്‍ മുളച്ചു
പിന്നേയും തളിരിടുന്നു ഗതകാലവിസ്മയം 
മരിക്കുന്നില്ല നീയൊരിക്കലും പോയകാലം 
കനിഞ്ഞു നല്കിയെത്രസുലഭസൌഭാഗ്യം
.
റാണിയെപോലെ വിലസിനിന്നിരുന്നതും
അണിഞ്ഞൊരുങ്ങിയഴകില്‍കുളിച്ചു തല-
യുയര്‍ത്തി നാടിന്‍ തിലകമായിരുന്നതും
മറന്നിരിക്കാം, പക്ഷേ പുതുതലമുറക്കാര്‍
.
വിരഹത്താല്‍ നോവും മനസ്സുമായ് ഞാന്‍
ഈ ഏകാന്തതീരത്ത്‌ തനിച്ചൊന്നിരിക്കട്ടെ
കൊച്ചൂടുവഴികളില്‍ ദു:ഖം തളിര്‍ക്കുന്നു
പാഴായ് പതിരായ സ്വപ്നമുകുളങ്ങളും
വിരസമാം പകലുകള്‍ നെഞ്ചിന്‍ തുഞ്ചത്ത്
ഊഞ്ഞാലു കെട്ടാനൊരുങ്ങീ വ്യഥകളാല്‍
.
സരളമായ് പാടിയുറക്കുന്ന രാവുകള്‍
ഉലയിട്ടു ചുണ്ടിലുരക്കുന്നു ചെന്ന്യായം
മറവിതന്‍ മാറാല മൂടിപ്പുതച്ചുചുരുളും
തെക്കിനിയില്‍ ഭൂതകാലസ്മരണകള്‍
ഓര്‍മ്മകളോരോന്നായ്തോരണം കെട്ടി
പേക്കോലം തുള്ളുന്നു മുറ്റത്തരങ്ങത്ത്
.
മടങ്ങിയെത്തുമെന്നുരക്കവാന്‍ മടിച്ചന്നാള്‍
വിടചൊല്ലും വാക്കുകള്‍ വിതുമ്പിപ്പോയതും
നിറഞ്ഞ കണ്‍കോണില്‍ പകര്‍ത്തി നിന്നെ
തിരിഞ്ഞുനോക്കതെയകന്നു മെല്ലേ ഞാന്‍
.
ഒരിക്കലും സ്നേഹഗേഹമണ്‍തരികളില്‍
ഉണര്‍ത്തുപാട്ടുകള്‍ ഉണരുകില്ലന്നറിഞ്ഞ്
ഞാന്‍ വന്നൊളിച്ചു നോക്കുമ്പോള്‍,കണ്ടു
ശിഥിലമായ നിന്‍റെ ഉടഞ്ഞാര്‍ദ്ര കോലങ്ങള്‍
പുതിയ യന്ത്രങ്ങള്‍ ചിരിച്ച്നിരയായ്കൂടി
മറവു ചെയ്യുവാന്‍ വേഗം കോരിമാറ്റുന്നു
.
പ്രണയമായിരുന്നെനിക്കെന്‍''സൗപര്‍ണ്ണികേ''
മടങ്ങിയെത്തുവാന്‍ മാടി വിളിച്ചതും കേട്ടു
തിരികെയെത്തിത്തേടിവന്നിരുന്നു ഞാനന്ന്
പുതിയമേടക്കായവര്‍ കഷ്ടം കഥകഴിച്ചില്ലേ!