2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ഈ കവിത അനാഥജന്മങ്ങളുടെ ആരും കേള്‍ക്കാത്ത
കാണാത്ത പ്രാര്‍ത്ഥനാഗാനത്തിലൂടെ ഈ തൂലികയില്‍ വിരിഞ്ഞ ഒരിറ്റുതേങ്ങലാണ് . ആ കുഞ്ഞുങ്ങള്‍ക്കായ് ഇതാ ഇവിടെ സമര്‍പ്പിക്കുന്നു
-----------------------
പൊന്നോണം
------------------------
ചിങ്ങമാസത്തിലെത്തുമെന്‍ ഓണമേ
എന്നുമെന്തേ വരാന്‍ മടിക്കുന്നു നീ
നിന്നെ പൂവിട്ടു പൂജിച്ചെതിരേല്ക്കാന്‍
കൊഞ്ചി നില്ക്കുമൊരോമല്‍ കിടാവു ഞാന്‍
.
പാട്ടു പാടുവാന്‍ മോഹമാണുള്ളത്തില്‍
പാല്‍ചിരിയുമായെത്തണo കേള്‍ക്കുവാന്‍
ഒന്നും നീട്ടുവാന്‍ കൈയ്യിലില്ലെങ്കിലും
ആതിരാപ്പാട്ടുമൂളുമെന്‍ മാനസം
.
കുഞ്ഞനുജത്തി ഓണമറിയാതെ
മണ്ണുവാരിക്കളിക്കുന്നു മുറ്റത്ത്
കുഞ്ഞുടുപ്പും പൂപട്ടുപാവടയും
തുന്നിയില്ലയീപൊന്നോണനാളിലും
.
ചില്ലറനിറച്ചെന്‍റെ മണ്‍കീശയില്‍
ചോര്‍ന്നുപോയിരുന്നൂ വെള്ളിത്തുട്ടുകള്‍
പഞ്ഞമാസമീ കൊട്ടിലിനുള്ളിലായ്
കുത്തിയോട്ടും നടത്തി തിരിച്ചുപോയ്
.
കാണാന്‍ കാത്തിരുന്നെന്‍റെ സ്വപ്നത്തില്‍
ശ്രാവണംപറന്നൂഞ്ഞാലിലാടുന്നു
കാലംനെയ്തൊരെന്‍ ചിന്തകളൊക്കെയും
ചേര്‍ത്തുണര്‍ത്തുവാന്‍ മാവേലി നിന്നില്ല
.
ഓണമേ നിനക്കെങ്ങനെയിങ്ങനെ
ഉല്ലസിച്ചോടിയെത്താവതാകുന്നു
കൈരളിനിറകാഴ്ച ഒരുക്കിയോ
പൂത്താലവുമേന്തി കാത്തിരിക്കുന്നുണ്ടോ!
.
വര്‍ഷമെത്രകടന്നുപോയാലുo പൊന്നോ-
ണമെത്തിടും ആവണിമാസത്തില്‍
അത്തപൂക്കളo നീളേവിരിയുമ്പോള്‍
''അര്‍ത്ഥo''ഇല്ലാതെ പവങ്ങള്‍ കേഴുന്നു--('അര്‍ത്ഥo''=പണം)
.
വാമനന്മാരെ വാഴ്ത്തിയ കേരളം
കൂറുമാറ്റം നടത്താനൊരുങ്ങുന്നു
ഓണവില്ലിന്‍ ശരoതൊടുക്കുo മുന്‍പേ
നെഞ്ചില്‍ കുത്തുന്നൊരായിരമമ്പുകള്‍
.
കള്ളമില്ല, ചതിയില്ലയെന്നൊക്കെ
പണ്ടുപാടി നടന്നതായോര്‍ക്കുന്നു
പൊന്നോണമെന്ന പൂരമറിയാതെ
എത്രയെത്ര അനാഥജെന്മങ്ങളും
.
മാമാങ്കത്തിന്‍റെ തോരണം ചാര്‍ത്തുമ്പോള്‍
ഓര്‍ക്കണം ചില സ്നേഹതീരങ്ങളെ
മാവേലിവന്നുണര്‍ത്തുമെന്നാശിച്ച്
പാതയോരത്തു പട്ടിണിക്കോലങ്ങള്‍
.
ആണ്ടൊരിക്കല്‍ വിരുന്നെത്തു൦ ഓണമേ
ആശീര്‍വാദങ്ങളേകാതെ പോകയോ !
ഉത്സവത്തിന്‍റെ കേളി കൊട്ടും മുന്‍പേ
തപ്തമാനവ ദു:ഖമാറ്റീടണേ
.
കാടുമേടാകെതാണ്ടി നീയെത്തുമ്പോള്‍
പാതിരാപ്പൂനിലാവു പൊഴിക്കണേ
മക്കളെല്ലാരും ഒന്നുപോലാകുന്ന
സുപ്രഭാതങ്ങള്‍ വീണ്ടെടുത്തേകണേ------------

2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

കടല്‍
----------------
നീലാകാശം നിന്നെ നോക്കി
പുഞ്ചിരിക്കുന്നുവെങ്കിലും
ശാന്തി തേടുന്നൊരു ദുഃഖ
ഭിക്ഷുവാ നീ നിരന്തരം
.
വേനലാടും നിലാമഴ
കാറ്റിലാടി കളിക്കുമ്പോള്‍
ആറ്റുപൂവിന്‍ തേന്‍കണം
നിന്‍റെ മാറില്‍ ചുരത്തിയോ!
.
കടലേ നിനക്ക് മാത്രമായ്
കാത്തുവെച്ചെന്‍ കരളിനെ
പങ്കു വക്കുവാന്‍ പാടില്ല
പകരം എന്ത് നീ നല്‍കിടും
.
പാലപൂക്കും രജനിയില്‍
പാര്‍വണേന്ദു പൊതിയുമോ
കണ്ടിരിക്കാന്‍ കഴിയാതെ
മനം ഖിന്നമായുഴറുന്നു
.
കോടമഞ്ഞില്‍ കുളിരുമോ-
കൂരിരുട്ടില്‍ കരയുമോ!
കൂട്ടുകൂടാന്‍ വന്നെത്തുമോ
നിന്‍റെ വീടെത്താനാകുമോ!
.
പ്രണയിനി നിന്‍ സാന്ത്വനം
ജീവിത രസം തൂകിടും
അഭയമേകാന്‍ ആകുമോ
പ്രാണനില്‍ നീ പടരുമോ
മനതാരില്‍ നിറയൂ നീ
മന്ത്രകോടിയുടുക്കൂ നീ
മൌനനൊമ്പരമാറ്റി നീ
ആത്മദാഹമണക്കു നീ
.
കടലേ കാമരൂപിണീ
കണ്ടൂ ഞാന്‍ നിന്‍ പരിശുദ്ധി
തിരളേന്തുo കരങ്ങള്‍
തീരം തട്ടിയുടക്കുമോ!
.
പൊന്‍ചിലമ്പില്‍ മുത്തുകള്‍
മുങ്ങി ഞാനെടുക്കുമ്പോള്‍
അണിയുവാന്‍ നീയെത്തുമോ
പുനര്‍ജന്മം നീയേകുമോ!

2015, ഓഗസ്റ്റ് 23, ഞായറാഴ്‌ച

പ്രണയം
------------------
കൊക്കുകള്‍ തമ്മില്‍ കുറുകിയുരുമി
കോര്‍ക്കുന്നു ഞാനെന്‍റെ പ്രണയം
വര്‍ണ്ണച്ചിറകുകള്‍ പിന്നിയെടുത്തുനിന്‍
കണ്ഠത്തില്‍ ചാര്‍ത്തുമെന്‍ പ്രണയം
ചിക്കിയടുക്കുo തൂവല്‍തുമ്പിലിറ്റും
മധുവായ് നുകരുമെന്‍ പ്രണയം
സ്നേഹസിന്ദൂരം വാരിവിതക്കുന്ന
നിഷ്കാമമാണെന്‍റെ പ്രണയം
വെട്ടിതിളങ്ങുന്ന കൗസ്തുഭമായ്
മാറ്റുരക്കുന്നെന്‍റെ പ്രണയം
അനുരാഗമോതി ചുറ്റിത്തിരിയുo
രതി ക്രീഡയല്ലയെന്‍ പ്രണയം
ആശങ്കയില്ലാതനുഗ്രഹ സമ്പൂര്‍ണ്ണ
പൂരിത രുചിതമീ പ്രണയം
അത്തറുതൂകി അഭിഷേകം ചെയ്യുന്ന
അനുഭൂതിയാണെന്‍റെ പ്രണയം
ജ്വരച്ചിന്തയില്ലാതെ നിരാമയനാകുന്ന
കെടാവിളക്കാണെന്‍റെ പ്രണയം
ഒരുനാളും പങ്കിലമാകത്ത പവിത്ര-
വചനങ്ങളാകുമെന്‍ പ്രണയം
പുണ്യാഹമായ് ശിരസ്സില്‍ കുടയുന്ന
സ്നേഹവര്‍ഷമാണെന്‍റെ പ്രണയം
സര്‍വ്വവും വിഖ്യസത്യമെന്നോതുന്ന
ഉള്ളo തെളിക്കുമെന്‍ പ്രണയം
രാധേയം
---------------
നിശയുടെ നനവിലൊരു നിറമാല ചാര്‍ത്തി
വരമായൊരു താമരത്തനുവാകാന്‍ മോഹം
.
നീലിമചാലിച്ച മേഘo കാളിന്ദീയലകളില്‍ നിന്‍
നിറക്കൂട്ടിലിളകുo ചിരിക്കും കപോലങ്ങള്‍.
.
രാഗമുരളികയിലൊഴുകുo പ്രണയസുധാമേളം
ചാരത്തു തുടികൊട്ടും സപ്തസ്വരമഞ്ജീരവം
.
മദനകേളീ നീരാട്ടിലാടി ഈറന്‍തുകിലുമായ്‌-
യെന്മാദകവഷസ്സില്‍ പ്രണയപരവശനായതും
.
മന്ദസ്മിതം തൂകി വിടചൊല്ലിയകലുമ്പോള്‍
മൌനനൊമ്പരത്താല്‍ ഒളിവാര്‍ന്നു നിന്നതും
.
പൊടിയുo കണ്ണുനീര്‍തുള്ളിയിലൊഴുകിയ
നിശ്വനം പനിനീരായുള്ളില്‍ തൂകി തെളിച്ചതും
.
കാതോടുകാതോരം പാടിയുണര്‍ത്തും പരി-
ദേവനം ദേവരാഗങ്ങളായ്‌ചുണ്ടിലുരച്ചതും
.
വിരഹഗാനംമൂളി മണ്ണില്‍ കളം വരച്ചപ്പോള്‍
കവിളില്‍ തലോടി കടമിഴി മെല്ലെ തുടച്ചതും
.
ഹൃദയധമനികളിലണപൊട്ടിയ കദനനീര്‍
പുണ്യമായുള്ളില്‍ കുടിച്ചാശ്വസിച്ചതും
.
തിരികെവരുമെന്ന് കാതിലോതി കമനീയ
മോതിരകൈവിരല്‍ തൊട്ടു നെഞ്ചിലുരച്ചതും
.
അമ്പാടിമുറ്റത്തനാഥമായ്‌പൂത്തടര്‍ന്നോരു-
കാട്ടുചെമ്പകപ്പൂവിന്‍ ദളമായ്ക്കൊഴിഞ്ഞതും
.
വൃന്ദാവനത്തിലെ രാസലീലാവിലാസങ്ങള്‍ ദേവാ
വജ്രശരമായ് ഈവേളയെന്‍ നെഞ്ചില്‍ തറക്കുന്നു.
ഈശ്വരന്‍ ആര്? ജന്മാദ്യസ്യ യത്ഃ. “ഈ ജഗത്തിന്റെ ജന്മസ്ഥിതിലയങ്ങള്‍ ആരില്‍നിന്നോ” അവന്‍ ഈശ്വരന്‍; “ശാശ്വതന്‍, നിര്‍മ്മലന്‍, നിത്യസ്വതന്ത്രന്‍, സര്‍വ്വശക്തന്‍, സര്‍വ്വജ്ഞന്‍, കരുണാമയന്‍, സര്‍വ്വഗുരുക്കന്മാരുടെയും ഗുരു,” സര്‍വ്വോപരി, സ ഈശ്വരഃ അനിര്‍വ്വചനീയപ്രേമസ്വരൂപഃ “വിവരിക്കാവതല്ലാത്ത പ്രേമംതന്നെ സ്വരൂപമായിട്ടുള്ളവന്‍.”
ഈ വിശേഷണങ്ങള്‍ നിശ്ചയമായും സഗുണനായ ഈശ്വരന്നേ ചേരൂ. അപ്പോള്‍ ഈശ്വരന്‍ രണ്ടുണ്ടോ – ജ്ഞാനിയുടെ നേതി, നേതി (ഇതല്ല, ഇതല്ല) എന്ന സച്ചിദാനന്ദവും ഭക്തന്റെ പ്രേമസ്വരൂപനും? ഇല്ല, സച്ചിദാനന്ദം ഏതോ അതുതന്നെ പ്രേമസ്വരൂപന്‍. നിര്‍ഗുണവും സഗുണവും ഒന്നുതന്നെ. ഭക്തന്‍ ഉപാസിക്കുന്ന ഈശ്വരന്‍ പ്രേമത്തില്‍നിന്നു വ്യത്യാസപ്പെട്ടതോ വേറിട്ടതോ അല്ല. ഏകവും അദ്വിതീയവുമായ ബ്രഹ്മംതന്നെ എല്ലാം. എന്നാല്‍ ഏകവും നിര്‍വിശേഷവുമായ ബ്രഹ്മം നമ്മുടെ പ്രേമത്തിനോ ആരാധനയ്‌ക്കോ വിഷയമാവാത്തവിധം അത്ര സൂക്ഷ്മമായ തത്ത്വമാകകൊണ്ട് ഭക്തന്‍ അതിന്റെ സവിശേഷഭാവമായ പരമേശ്വരനെ ഉപാസ്യനായെടുത്തിരിക്കുന്നു. ഇതിന് ഒരുപമ പറയാം. മണ്ണ് – ഒരേ വസ്തു – അതുകൊണ്ട് എണ്ണമറ്റതരം സാധനങ്ങള്‍ രൂപപ്പെടുത്താം. മണ്ണിന്റെ നിലയില്‍ അവയെല്ലാം ഒന്ന്: രൂപം അഥവാ രചന അവയെ വേര്‍തിരിക്കുന്നു. രൂപപ്പെടുത്തുന്നതിനുമുമ്പ് അവയെല്ലാം മണ്ണില്‍ സത്തായിരുന്നു: (കാരണ) വസ്തുത്വേന അവ അഭിന്നമാണ്. എങ്കിലും രൂപപ്പെട്ടു രൂപത്തോടെ ഇരിക്കുന്ന കാലത്തോളം അവ വേറിട്ടും വ്യത്യാസപ്പെട്ടുമിരിക്കും. മണ്ണെലി മണ്ണാനയാകയില്ല. അവയില്‍ രണ്ടിലും ഒരേ വസ്തു, ഒരേ മണ്ണ്: എന്നാല്‍ രൂപമാത്രത്താല്‍ അവ വ്യത്യസ്തങ്ങള്‍തന്നെ. അതുപോലെ അഖണ്ഡസദ്വസ്തുവായ ബ്രഹ്മത്തിന്റെ അത്യുത്കൃഷ്ടപ്രകാശനമത്രേ ഈശ്വരന്‍: മറ്റൊരുവിധം പറഞ്ഞാല്‍, അഖണ്ഡബ്രഹ്മത്തെസ്സംബന്ധിച്ച് മനുഷ്യമനസ്സുകൊണ്ട് നേടാവുന്ന അത്യുത്തമദര്‍ശനം. സൃഷ്ടി നിത്യമായിരിക്കുന്നതുപോലെ ഈശ്വരനും നിത്യനാകുന്നു.
വേദാന്തസൂത്രങ്ങളില്‍ ഭഗവാന്‍ വേദവ്യാസന്‍ നാലാമദ്ധ്യായം നാലാം പാദത്തില്‍, മുക്തന്മാര്‍ക്ക് മോക്ഷാനന്തരം മിക്കവാറും അനന്തമായ ശക്തിയും ജ്ഞാനവും വന്നുചേരുന്നതിനെപ്പറ്റി പറഞ്ഞിട്ട് ജഗത്‌സൃഷ്ടിസ്ഥിതിസംഹാരശക്തി ഈശ്വരനുമാത്രമുള്ളതാകയാല്‍ അത് എങ്ങനെയും ആര്‍ക്കും ലഭിക്കുന്നതല്ല എന്ന് ഒരു സൂത്രത്തില്‍ പറഞ്ഞിരിക്കുന്നു. ഈ സൂത്രം വ്യാഖ്യാനിച്ച് ഈശ്വരന്നുള്ള സര്‍വ്വശക്തിത്വവും പൂര്‍ണ്ണസ്വതന്ത്രതയും തദധീനന്മാരായ ജീവന്മാര്‍ക്ക് ഒരിക്കലും ഉണ്ടാവാന്‍ വഴിയില്ലെന്നു കാണിപ്പാന്‍ ദ്വൈതമതാനുസാരികളായ വ്യാഖ്യാതാക്കള്‍ക്ക് എളുപ്പമാണ്! ശുദ്ധദ്വൈതമതവ്യാഖ്യാതാവായ മധ്വാചാര്യര്‍ ഈ സൂത്രം വരാഹപുരാണത്തില്‍നിന്ന് ഒരു ശ്ലോകം ഉദ്ധരിച്ച് തന്റെ സംക്ഷിപ്തരീതിയില്‍ വ്യാഖ്യാനിച്ചുപോയിരിക്കുന്നു.
ഭാഷ്യകാരനായ രാമാനുജാചാര്യന്‍ ഈ സൂത്രത്തിന്റെ വ്യാഖ്യാനത്തില്‍ പറയുന്നതാവാമിത്; “മുക്തപുരുഷനുണ്ടാകുന്ന സിദ്ധികളില്‍ പരമേശ്വരന്റെ അസാധാരണശക്തി, അതായത് ജഗത് സൃഷ്ട്യാദിശക്തിയും സര്‍വ്വനിയന്തൃത്വവും ഉള്‍പ്പെടുമോ? അതോ, അതൊഴിച്ച് പരമേശ്വരസാക്ഷാത്കാരം ഉണ്ടായിക്കൊണ്ടിരിക്കുക മാത്രമാണോ മുക്തന്റെ മഹത്ത്വം? എന്ന സന്ദേഹമുളവായിരിക്കെ താഴെ കാണിക്കുംപ്രകാരം ഒരു പൂര്‍വ്വപക്ഷം ഉണ്ടാകുന്നു: മുക്തന് ജഗന്നിയന്തൃത്വശക്തി ലഭിക്കുന്നു എന്നുള്ളതു യുക്തിയുക്തമാണ്. എന്തുകൊണ്ടെന്നാല്‍, ‘മുക്തപുരുഷന്‍ പരമേശ്വരനോട് പരമൈക്യം പ്രാപിക്കുന്നു. അയാളുടെ കാമങ്ങളെല്ലാം സഫലമാകുന്നു’ എന്ന് ശ്രുതിവാക്യമുണ്ട്. പരമേശ്വരന്റെ വിശിഷ്ടശക്തിയെന്ന ജഗദ്‌വ്യാപാരം കൂടാതെ പരമൈക്യപ്രാപ്തിയും സര്‍വ്വകാമസാഫല്യവും സിദ്ധിക്കയില്ല. അതുകൊണ്ട് സര്‍വ്വകാമങ്ങളും ഈശ്വരനോട് പരമൈക്യവും പ്രാപിക്കുവാന്‍ മുക്തന് ജഗദ്‌വ്യാപാരമെന്ന വിശിഷ്ടശക്തി കൂടി സിദ്ധിക്കാനുണ്ട് എന്നു സമ്മതിക്കണം. ഇതിന്നു ഞങ്ങളുടെ സമാധാനം: മുക്തന് ജഗദ്‌വ്യാപാരമൊഴികെയുള്ള സര്‍വ്വശക്തികള്‍ മാത്രം സിദ്ധിക്കുന്നു. ജഗദ്‌വ്യാപാരമെന്നതു സകലചരാചരങ്ങളുടെയും രൂപം കാമം ജീവിതം എന്നിവയെ സ്വേച്ഛാനുസാരം നിയന്ത്രിപ്പാനുള്ള ശക്തിയാകുന്നു. ഈ ശക്തി മുക്തന്നുണ്ടാവുകയില്ല. ഈശ്വരന്റെ യാഥാര്‍ത്ഥ്യത്തെ മറച്ചിരിക്കുന്ന മറവുകളെല്ലാം തന്നില്‍ നിന്നു നീങ്ങി തടവറ്റ ബ്രഹ്മദര്‍ശനം ആസ്വദിക്കുകമാത്രമാണ് മുക്തന്‍ ചെയ്യുന്നത്.
ഈ സംഗതി ശ്രുതിവാക്യങ്ങളാല്‍ വെളിവാകുന്നുണ്ട്. ‘ഈ ഭൂതങ്ങള്‍ ഏതില്‍നിന്നു ജനിക്കുന്നു, ഏതുനിമിത്തം ജീവിക്കുന്നു, ജീവിതാന്ത്യത്തില്‍ ഏതില്‍ തിരികെ ചെന്നുചേരുന്നു, അതിനെ അന്വേഷിക്കുക, അതു ബ്രഹ്മമാകുന്നു, ഈ ജഗദ്‌വ്യാപാരശക്തി മുക്തന്മാര്‍ക്കുകൂടി സാധാരണമാണെങ്കില്‍ ജഗദ്‌വ്യാപാരിത്വപ്രതിപാദകമായ ഈ വാക്യം ബ്രഹ്മത്തിനു വിവരണമാകയില്ല. മറ്റൊന്നിനും ചേരാത്ത അസാധാരണലക്ഷണംകൊണ്ടാണല്ലോ ഒന്നിനും ശരിയായ വിവരണം പറയേണ്ടത്. താഴെ കാണിക്കുന്ന ശ്രുതിവാക്യങ്ങളും നോക്കുക; സൗമ്യ, ആദിയില്‍ഒന്നുമാത്രം, രണ്ടാമതൊന്നില്ലാതെ ഉണ്ടായിരുന്നു. അതു വീക്ഷണം ചെയ്തു, ഞാന്‍ പലതാകും എന്നു സങ്കല്പിച്ചു. അതു തേജസ്സിനെ സൃഷ്ടിച്ചു.”ആദിയില്‍ ബ്രഹ്മംമാത്രമുണ്ടായിരുന്നു. അതു ബഹുവായി: അത് ഒരു ധന്യരൂപത്തെ സൃഷ്ടിച്ചു – ക്ഷത്രത്തെ, ഈ ദേവന്മാര്‍ ക്ഷത്രങ്ങളാകുന്നു: വരുണന്‍, സോമന്‍, രുദ്രന്‍, പര്‍ജ്ജന്യന്‍, യമന്‍, മൃത്യു. ഈശാനന്‍, ഇവരെല്ലാം ക്ഷത്രങ്ങളാകുന്നു.”ആദിയില്‍ ആത്മാവുമാത്രം ഉണ്ടായിരുന്നു, മറ്റൊന്നും അനങ്ങിയിരുന്നില്ല: അതു ലോകം സൃഷ്ടിപ്പാന്‍ സങ്കല്പിച്ചു: അതിനുശേഷം ലോകത്തെ സൃഷ്ടിച്ചു.നാരായണന്‍ കേവലനായുണ്ടായിരുന്നു: ബ്രഹ്മാവോ ഈശാനനോ ദ്യാവാപൃഥിവിയോ നക്ഷത്രങ്ങളോ ജലമോ വഹ്‌നിയോ സോമനോ സൂര്യനോ ഉണ്ടായിരുന്നില്ല: ഏകനായി വന്നതില്‍ നാരായണനു സന്തുഷ്ടിയുണ്ടായില്ലവ, പിന്നെ ധ്യാനിച്ചശേഷം അദ്ദേഹത്തിന് ഒരു പുത്രി, ദശേന്ദ്രിയങ്ങള്‍ മുതലായവയുണ്ടായി.”ആര്‍ ഭൂമിയില്‍ ഇരുന്നുകൊണ്ട് അതില്‍നിന്നു വേറായും ഇരിക്കുന്നുവോ, ആര്‍ ആത്മാവില്‍ ഇരുന്നുംകൊണ്ട്. ഇത്യാദിവാക്യങ്ങളില്‍ ജഗദ്‌വ്യാപാരകര്‍ത്താവായി പരമേശ്വരനെയാകുന്നു ശ്രുതി പറയുന്നത്. മുക്തപുരുഷന് അതില്‍ കര്‍ത്തൃത്വമുണ്ടെന്നു വരുത്തുവാന്‍, ജഗദ്‌വ്യാപാരപരങ്ങളായ വിവരണങ്ങളിലൊന്നിലും ഒരേടത്തും മുക്തപുരുഷന് ഒരു സ്ഥാനവും ശ്രുതി കൊടുത്തിട്ടില്ല.” അടുത്ത സൂത്ര വ്യാഖ്യാനത്തില്‍ രാമാനുജാചാര്യര്‍ (പൂര്‍വ്വപക്ഷം തുടര്‍ന്ന്) പറയുന്നു; “അതു ശരിയല്ല, അതിനു നേരെ വിപരീതം പറയുന്ന ശ്രുതിവാക്യങ്ങളുണ്ട് എന്നു നിങ്ങള്‍ പറയുമായിരിക്കും. എന്നാല്‍ ആ വാക്യങ്ങള്‍ മുക്തന്മാര്‍ക്ക് ഉപദേവതകളുടെ ലോകങ്ങളിലുള്ള മാഹാത്മ്യത്തെ മാത്രം സംബന്ധിച്ചുള്ളവയാകുന്നു.” ഇങ്ങനെ ഒരെളുപ്പമായ പരിഹാരമാകുന്നു രാമാനുജന്‍ ഈ വൈഷമ്യത്തിന് കണ്ടിട്ടുള്ളത്! അദ്ദേഹത്തിന്റെ (വിശിഷ്ടാദ്വൈത) സമ്പ്രദായത്തില്‍ സമഷ്ടിക്ക് ഏകത്വമുണ്ടെന്നു സമ്മതിക്കുന്നുണ്ട്: എന്നാല്‍ ആ ഏകസമഷ്ടിക്കുള്ളില്‍ നാനാവ്യക്തികളും ശാശ്വതമായുണ്ടെന്നും ആ മതം പറയുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ മതവും ഫലത്തില്‍ ദ്വൈതത്തോടു തുല്യമാകുന്നു. ആ നിലയില്‍ സാധാരണജീവനും സഗുണേശ്വരന്നും തമ്മിലുള്ള വ്യത്യാസം വളരെ വെളിവാക്കിവെപ്പാന്‍ രാമാനുജന് എളുപ്പമായിരുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 2 ഈശ്വരതത്ത്വം. പേജ് 419-422]