2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

സൗപര്‍ണ്ണിക
------------------------
മനസ്സിനുള്ളില്‍ മഥിക്കുമോര്‍മ്മകള്‍ മുളച്ചു
പിന്നേയും തളിരിടുന്നു ഗതകാലവിസ്മയം 
മരിക്കുന്നില്ല നീയൊരിക്കലും പോയകാലം 
കനിഞ്ഞു നല്കിയെത്രസുലഭസൌഭാഗ്യം
.
റാണിയെപോലെ വിലസിനിന്നിരുന്നതും
അണിഞ്ഞൊരുങ്ങിയഴകില്‍കുളിച്ചു തല-
യുയര്‍ത്തി നാടിന്‍ തിലകമായിരുന്നതും
മറന്നിരിക്കാം, പക്ഷേ പുതുതലമുറക്കാര്‍
.
വിരഹത്താല്‍ നോവും മനസ്സുമായ് ഞാന്‍
ഈ ഏകാന്തതീരത്ത്‌ തനിച്ചൊന്നിരിക്കട്ടെ
കൊച്ചൂടുവഴികളില്‍ ദു:ഖം തളിര്‍ക്കുന്നു
പാഴായ് പതിരായ സ്വപ്നമുകുളങ്ങളും
വിരസമാം പകലുകള്‍ നെഞ്ചിന്‍ തുഞ്ചത്ത്
ഊഞ്ഞാലു കെട്ടാനൊരുങ്ങീ വ്യഥകളാല്‍
.
സരളമായ് പാടിയുറക്കുന്ന രാവുകള്‍
ഉലയിട്ടു ചുണ്ടിലുരക്കുന്നു ചെന്ന്യായം
മറവിതന്‍ മാറാല മൂടിപ്പുതച്ചുചുരുളും
തെക്കിനിയില്‍ ഭൂതകാലസ്മരണകള്‍
ഓര്‍മ്മകളോരോന്നായ്തോരണം കെട്ടി
പേക്കോലം തുള്ളുന്നു മുറ്റത്തരങ്ങത്ത്
.
മടങ്ങിയെത്തുമെന്നുരക്കവാന്‍ മടിച്ചന്നാള്‍
വിടചൊല്ലും വാക്കുകള്‍ വിതുമ്പിപ്പോയതും
നിറഞ്ഞ കണ്‍കോണില്‍ പകര്‍ത്തി നിന്നെ
തിരിഞ്ഞുനോക്കതെയകന്നു മെല്ലേ ഞാന്‍
.
ഒരിക്കലും സ്നേഹഗേഹമണ്‍തരികളില്‍
ഉണര്‍ത്തുപാട്ടുകള്‍ ഉണരുകില്ലന്നറിഞ്ഞ്
ഞാന്‍ വന്നൊളിച്ചു നോക്കുമ്പോള്‍,കണ്ടു
ശിഥിലമായ നിന്‍റെ ഉടഞ്ഞാര്‍ദ്ര കോലങ്ങള്‍
പുതിയ യന്ത്രങ്ങള്‍ ചിരിച്ച്നിരയായ്കൂടി
മറവു ചെയ്യുവാന്‍ വേഗം കോരിമാറ്റുന്നു
.
പ്രണയമായിരുന്നെനിക്കെന്‍''സൗപര്‍ണ്ണികേ''
മടങ്ങിയെത്തുവാന്‍ മാടി വിളിച്ചതും കേട്ടു
തിരികെയെത്തിത്തേടിവന്നിരുന്നു ഞാനന്ന്
പുതിയമേടക്കായവര്‍ കഷ്ടം കഥകഴിച്ചില്ലേ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ