2014, മേയ് 15, വ്യാഴാഴ്‌ച

മഴത്തുള്ളി


അന്തി പൂമണംതൂകി അനുരാഗവതിയായ്
അരികിലെത്തുമെന്‍ പ്രിയതോഴി മാരിയാണവള്‍
ആകാശത്തേരില്‍ ശ്രീരാഗമായ് ശാന്തിയായി
പെയ്തിറങ്ങുമെന്‍ മോഹിനിയാണവള്‍

ഈറനുടുത്ത് നനഞ്ഞൊട്ടിയാമടിത്തട്ടില്‍
ഒരു കൊച്ചുമോഹമായ് ഉണരട്ടെ ഞാനിന്ന്
സംഗീതമായ്നിന്‍ വിരല്‍ത്തുമ്പു മീട്ടുമ്പോള്‍
പഞ്ചേന്ദ്രിയങ്ങളില്‍ പൂക്കുന്നു രോമാഞ്ചം

കൊതിതീരുവോളം ആ മിഴിയിലുതിരുന്ന
പനിനീര്‍കണങ്ങളെ മൊത്തിക്കുടിക്കട്ടെ
വരണ്ടുപോയെന്‍ മാനസ മലര്‍വാടിയാകെ
നിന്നെ കൈക്കുമ്പിളില്‍ കോരി നനയ്ക്കട്ടെ

ഭവനമാം കോവിലിന്‍ മുറ്റത്തു നീയെന്‍റെ
കണ്‍മണിയായ്‌ പിറന്നുവീണിടുമോ!
വിടരുന്ന പൂവിതള്‍ പുല്കുമ്പോഴോ
നിന്‍റെ മനമാകെ മകരന്ദം വന്നു നിറയുമോ!

തുമ്പുകെട്ടാത്ത കാര്‍മുകിലഴിച്ചിട്ട്‌
സംഹാരതാണ്ഡവമാടിത്തകര്‍ക്കുമ്പോള്‍
മാനവര്‍ നിന്നെ നൊമ്പരക്കണ്ണീരായ്
ശപിക്കുമോ ചൊല്ലുയെന്‍ തങ്കമേ.

തഴുകുന്നു നിന്നെ ഞാന്‍ ഇരുകൈകളും നീട്ടി
മോഹബാഷ്പമായ് കോരി മുഖം മിനുക്കട്ടെ
നനയ്ക്കുന്നു ചുണ്ടിണ, നിറയ്ക്കുന്നു ഹൃത്തടം
ശ്യാമസന്ധ്യയില്‍ പുണരുന്നു നിന്നെ ഞാന്‍

വരുമോ നീ പതിവായെന്‍ പടിവാതിലില്‍
മധുരശ്രുതിമീട്ടി വെണ്മുത്തായ് കൊഴിയുമോ!
പൊന്‍ചിലമ്പണിയിക്കാം നാദമായ് നീയെന്നെ
ആനയിക്കില്ലേ, നിന്‍ അന്തപുരങ്ങളില്‍

ഇടവപ്പാതിയില്‍ തുള്ളിത്തുളുമ്പി നീ
സാഗരമാകെ നിറച്ചുമടങ്ങുമ്പോള്‍
ആത്മാവിലൂറും അനുഭൂതി ആരാധനയായ്
തൊഴുതുനില്‍ക്കുന്നു ഞാന്‍ ജന്മാന്തരങ്ങളായ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ