2014, മേയ് 13, ചൊവ്വാഴ്ച

അശ്രുപൂജ

ശുദ്രകോടി പുതച്ചിമരണ്ടും പൂട്ടി
കത്തിനില്‍ക്കുന്നനിലവിളക്കു സാക്ഷി
മാരതമായ് കിടക്കുന്നമ്മയോടു മാ-
പ്പിരക്കുന്നൊരു മകളാകുമല്ലോ ഞാന്‍
അസ്ഥിനുറുങ്ങുന്നാത്മസംഘര്‍ഷത്താലേ
ആകെത്തകര്‍ന്നരങ്ങത്തു നിന്നനേരം
രക്തബന്ധങ്ങളെത്തഴുകിയൊഴുകും
സ്നേഹതീര്‍ത്ഥം കോരി മൂര്‍ദ്ധാവിലിറ്റിച്ചു
എങ്ങോനിന്നോരിടിമുഴക്കംപോലെ കാ-
തും തുളച്ചാ ദുഖവാര്‍ത്ത വന്നെത്തി
അമ്മ മരിച്ചെന്ന പരമാര്‍ത്ഥമോതി
അന്തരംഗമാകെയതേറ്റുചൊല്ലി
ആരോ ഒരാളെന്‍റെ മേനിത്തലപ്പിനെ
മെല്ലെത്തഴുകിയാശ്വസിപ്പിച്ചീടുകില്‍
ചേതോവികാരത്താല്‍ കണ്ണീര്‍പുഴ താനേ
കുത്തിയൊലിച്ചു കവിള്‍ച്ചാലിലൂടെ
കമ്മബന്ധങ്ങള്‍ കാണാതെപോയെന്‍റെ
അമ്മയെന്നെ കാണാന്‍ കൊതിച്ചിരുന്നില്ലേ ?
ജീവിതപുസ്തകത്താളിലെ തെറ്റുകള്‍
ആരുമൊരിക്കലും മായ്ക്കാന്‍ ശ്രമിച്ചില്ല
തേങ്ങുന്നീ മാനസം ഉത്തരം തേടുന്നു
ആരോടുമൊന്നുമുരിയാടാനാകാതെ
അന്ധകാരത്തിലും തീരങ്ങള്‍ തേടുന്ന
വഞ്ചിയായ് ആടിയുലഞ്ഞു മനോഗതം
സ്നേഹമറിയാന്‍ കൊതിച്ചെന്‍റെ സന്ധിയില്‍
ആറ്റിക്കുറുക്കിയോ ആര്‍ദ്രനൊമ്പരങ്ങള്‍
ആകാശനീലിമയോലും വിശുദ്ധിയാല്‍
ആരാധിച്ചു എന്‍റെ നഷ്ടസ്വപ്നങ്ങളെ
ദുഖപ്പടവുകള്‍ തൊട്ടുണര്‍ത്താനെത്തി
ഭൂതകാലത്തിന്‍റെ പൊയ്മുഖച്ചിത്രങ്ങള്‍
വാതായനങ്ങളും ഭേദിക്കുമോര്‍മ്മകള്‍
വാല്‍മീകം തട്ടി പടി തുറക്കാനെത്തി
കാലങ്ങളേറെ കടന്നുപോയെങ്ങിലും
തീരാത്ത മോഹം മനസ്സിലൊളിപ്പിച്ച്
കാണാന്‍ കൊതിച്ചെത്ര നാളുകള്‍ പിന്നിട്ടു
ഓര്‍മ്മയായ് തീര്‍ന്നെന്‍റെ അമ്മ കുഞ്ഞമ്മയെ
വെള്ളിത്തലമുടി പാറും ശിരസ്സാകെ
കൈവിരലോടിച്ചു സാന്ത്വനിക്കുന്നേരം
വാക്കുകള്‍ കണ്ടത്തില്‍ തമ്മിലുരഞ്ഞി ട്ട്
ഗദ്ഗദംപേറി വിതുമ്പിത്തളര്‍ന്നു ഞാന്‍
തിരശ്ശീലതാണ ജീവിതക്കളരി-
യില്‍ തീരാത്ത നോവലിന്‍റെ ശീലുണര്‍ന്നു
എഴുതാത്ത കഥയിലെ നായികയെ-
പ്പോലെ പിന്നാമ്പുറത്തു നിശ്ശബ്ധയായ്
വേരറുത്തുപോയ ബന്ധങ്ങളോരോന്നും
കാലം കനിഞ്ഞെത്തി കൈയിലൊതിക്കിയോ
സ്വന്തമെന്നോതാന്‍ മടിച്ചു ചിലരൊക്കെ
കണ്ട ഭാവം കാട്ടാന്‍ പിന്നെയമാന്തിച്ചു
കടലോളം കദനം നെഞ്ചിലേറ്റിക്കൊണ്ട്
തമസ്സിന്‍റെ താഴ്വരയിലുടെ നീങ്ങി
വിശ്വപ്രപഞ്ചത്തിലിറ്റു സ്നേഹത്തിനായ്
ആശിച്ചുതാണ്ടിത്തളര്‍ന്നെന്‍റെ പാദങ്ങള്‍
കത്തുന്ന കനലുകള്‍ തല്ലിക്കെടുത്തി
വെണ്ണീറില്‍ വേദന ധൂമപടലമായ്
ഭൂതകാലത്തിന്‍റെ മാസ്മരഭാവങ്ങള്‍
ആത്മാവിലണയാത്ത ചിതയൊരുക്കി
കുറ്റബോധത്താല്‍ നമിച്ചിതാ നില്‍ക്കുന്നു
നിന്‍മുലക്കാമ്പന്നൂറും നാവില്‍ തഴമ്പായ്
ധൂസരമെന്നകം പൊള്ളിക്കുമോര്‍മ്മകള്‍
ധൂപികയെപോലെന്നമ്മതന്‍ ശoഖൊലി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ