2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

യാത്ര--
--------------------------------------
വിടരാതെയടര്‍ന്നൊരു ശംഖുപുഷ്പം
മണ്ണിനോടൊട്ടി മരിക്കാന്‍ നിനച്ചുപോയ്
കാലത്തിനൊപ്പം കുതിക്കുവാനാകാതെ
മരണം വരിച്ചു നിതാന്തമീ ഭൂവില്‍
.
ഇന്നലെ പകലവള്‍ സൂര്യമുഖിയായ്
തെല്ലും പരിഭവം കൂടാതെ തന്നെയും
വിണ്ണിനെ നോക്കിക്കൊതിച്ചു ചൊല്ലീ
ഇല്ലനിക്കായുസ്സു തീരെയില്ലങ്കിലുമൊരു
ക്ഷണം മിഴിചിമ്മിയുണരാന്‍ വരമരളൂ
.
സൂര്യഗായത്രിമന്ത്രം നൂറ്റൊന്നുരുവിട്ടു
പഞ്ചാക്ഷരിയോ പതിനായിരത്തൊന്നും
പിന്നേയും പോരാഞ്ഞു മൊട്ടായി നിന്നു
മനമുരുകി ഒരുഞെട്ടില്‍ തപസ്സ് ചെയ്തു
.
മഞ്ഞില്‍കുളിച്ചിഷ്ടമംഗലാപാഗിoയായ്‌
പുലരുന്നതും കാത്തു വിറയോടെ നിന്നു
നിര്‍ദയം തട്ടിയുടച്ചീമോഹങ്ങളൊക്കെയും
കഷ്ടമായില്ലേയെന്‍ ആയുസ്സ് നിഷ്ഫലം
.
കട്ടുറുമ്പുകള്‍ മൂടിപൊതിഞ്ഞെന്‍റെയീ--
കരളിന്‍റെയുള്ളില്‍ കടന്നാക്രമിക്കുമ്പോള്‍
അമ്മമനസ്സിന്‍റെ പേറ്റുനോവെന്തെന്നു ഞാ-
നറിയുന്നൂ ഇന്നീ വിശ്വപ്രപഞ്ചത്തില്‍
.
പെട്ടന്നു കാര്‍മേഘം ഗര്‍ജ്ജിച്ചലറുന്നുവോ!
പൂപോലെ പൊഴിഞ്ഞൂ കണ്ണുനീര്‍തുള്ളികള്‍
അവളതിലൂടെ മുങ്ങി അലിഞ്ഞലിഞ്ഞവസാനം
പുതുജന്മവും കാത്തു മരണത്തിലേക്കൊരുയാത്ര--
---------------മരണമൊരു തുടര്‍ക്കഥ-----------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ