2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

കടല്‍
----------------
നീലാകാശം നിന്നെ നോക്കി
പുഞ്ചിരിക്കുന്നുവെങ്കിലും
ശാന്തി തേടുന്നൊരു ദുഃഖ
ഭിക്ഷുവാ നീ നിരന്തരം
.
വേനലാടും നിലാമഴ
കാറ്റിലാടി കളിക്കുമ്പോള്‍
ആറ്റുപൂവിന്‍ തേന്‍കണം
നിന്‍റെ മാറില്‍ ചുരത്തിയോ!
.
കടലേ നിനക്ക് മാത്രമായ്
കാത്തുവെച്ചെന്‍ കരളിനെ
പങ്കു വക്കുവാന്‍ പാടില്ല
പകരം എന്ത് നീ നല്‍കിടും
.
പാലപൂക്കും രജനിയില്‍
പാര്‍വണേന്ദു പൊതിയുമോ
കണ്ടിരിക്കാന്‍ കഴിയാതെ
മനം ഖിന്നമായുഴറുന്നു
.
കോടമഞ്ഞില്‍ കുളിരുമോ-
കൂരിരുട്ടില്‍ കരയുമോ!
കൂട്ടുകൂടാന്‍ വന്നെത്തുമോ
നിന്‍റെ വീടെത്താനാകുമോ!
.
പ്രണയിനി നിന്‍ സാന്ത്വനം
ജീവിത രസം തൂകിടും
അഭയമേകാന്‍ ആകുമോ
പ്രാണനില്‍ നീ പടരുമോ
മനതാരില്‍ നിറയൂ നീ
മന്ത്രകോടിയുടുക്കൂ നീ
മൌനനൊമ്പരമാറ്റി നീ
ആത്മദാഹമണക്കു നീ
.
കടലേ കാമരൂപിണീ
കണ്ടൂ ഞാന്‍ നിന്‍ പരിശുദ്ധി
തിരളേന്തുo കരങ്ങള്‍
തീരം തട്ടിയുടക്കുമോ!
.
പൊന്‍ചിലമ്പില്‍ മുത്തുകള്‍
മുങ്ങി ഞാനെടുക്കുമ്പോള്‍
അണിയുവാന്‍ നീയെത്തുമോ
പുനര്‍ജന്മം നീയേകുമോ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ