2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ഈ കവിത അനാഥജന്മങ്ങളുടെ ആരും കേള്‍ക്കാത്ത
കാണാത്ത പ്രാര്‍ത്ഥനാഗാനത്തിലൂടെ ഈ തൂലികയില്‍ വിരിഞ്ഞ ഒരിറ്റുതേങ്ങലാണ് . ആ കുഞ്ഞുങ്ങള്‍ക്കായ് ഇതാ ഇവിടെ സമര്‍പ്പിക്കുന്നു
-----------------------
പൊന്നോണം
------------------------
ചിങ്ങമാസത്തിലെത്തുമെന്‍ ഓണമേ
എന്നുമെന്തേ വരാന്‍ മടിക്കുന്നു നീ
നിന്നെ പൂവിട്ടു പൂജിച്ചെതിരേല്ക്കാന്‍
കൊഞ്ചി നില്ക്കുമൊരോമല്‍ കിടാവു ഞാന്‍
.
പാട്ടു പാടുവാന്‍ മോഹമാണുള്ളത്തില്‍
പാല്‍ചിരിയുമായെത്തണo കേള്‍ക്കുവാന്‍
ഒന്നും നീട്ടുവാന്‍ കൈയ്യിലില്ലെങ്കിലും
ആതിരാപ്പാട്ടുമൂളുമെന്‍ മാനസം
.
കുഞ്ഞനുജത്തി ഓണമറിയാതെ
മണ്ണുവാരിക്കളിക്കുന്നു മുറ്റത്ത്
കുഞ്ഞുടുപ്പും പൂപട്ടുപാവടയും
തുന്നിയില്ലയീപൊന്നോണനാളിലും
.
ചില്ലറനിറച്ചെന്‍റെ മണ്‍കീശയില്‍
ചോര്‍ന്നുപോയിരുന്നൂ വെള്ളിത്തുട്ടുകള്‍
പഞ്ഞമാസമീ കൊട്ടിലിനുള്ളിലായ്
കുത്തിയോട്ടും നടത്തി തിരിച്ചുപോയ്
.
കാണാന്‍ കാത്തിരുന്നെന്‍റെ സ്വപ്നത്തില്‍
ശ്രാവണംപറന്നൂഞ്ഞാലിലാടുന്നു
കാലംനെയ്തൊരെന്‍ ചിന്തകളൊക്കെയും
ചേര്‍ത്തുണര്‍ത്തുവാന്‍ മാവേലി നിന്നില്ല
.
ഓണമേ നിനക്കെങ്ങനെയിങ്ങനെ
ഉല്ലസിച്ചോടിയെത്താവതാകുന്നു
കൈരളിനിറകാഴ്ച ഒരുക്കിയോ
പൂത്താലവുമേന്തി കാത്തിരിക്കുന്നുണ്ടോ!
.
വര്‍ഷമെത്രകടന്നുപോയാലുo പൊന്നോ-
ണമെത്തിടും ആവണിമാസത്തില്‍
അത്തപൂക്കളo നീളേവിരിയുമ്പോള്‍
''അര്‍ത്ഥo''ഇല്ലാതെ പവങ്ങള്‍ കേഴുന്നു--('അര്‍ത്ഥo''=പണം)
.
വാമനന്മാരെ വാഴ്ത്തിയ കേരളം
കൂറുമാറ്റം നടത്താനൊരുങ്ങുന്നു
ഓണവില്ലിന്‍ ശരoതൊടുക്കുo മുന്‍പേ
നെഞ്ചില്‍ കുത്തുന്നൊരായിരമമ്പുകള്‍
.
കള്ളമില്ല, ചതിയില്ലയെന്നൊക്കെ
പണ്ടുപാടി നടന്നതായോര്‍ക്കുന്നു
പൊന്നോണമെന്ന പൂരമറിയാതെ
എത്രയെത്ര അനാഥജെന്മങ്ങളും
.
മാമാങ്കത്തിന്‍റെ തോരണം ചാര്‍ത്തുമ്പോള്‍
ഓര്‍ക്കണം ചില സ്നേഹതീരങ്ങളെ
മാവേലിവന്നുണര്‍ത്തുമെന്നാശിച്ച്
പാതയോരത്തു പട്ടിണിക്കോലങ്ങള്‍
.
ആണ്ടൊരിക്കല്‍ വിരുന്നെത്തു൦ ഓണമേ
ആശീര്‍വാദങ്ങളേകാതെ പോകയോ !
ഉത്സവത്തിന്‍റെ കേളി കൊട്ടും മുന്‍പേ
തപ്തമാനവ ദു:ഖമാറ്റീടണേ
.
കാടുമേടാകെതാണ്ടി നീയെത്തുമ്പോള്‍
പാതിരാപ്പൂനിലാവു പൊഴിക്കണേ
മക്കളെല്ലാരും ഒന്നുപോലാകുന്ന
സുപ്രഭാതങ്ങള്‍ വീണ്ടെടുത്തേകണേ------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ