2014, ജനുവരി 20, തിങ്കളാഴ്‌ച



നടവിളക്ക്

ഉണരുവനാകാതെ നാളേറെയായ്
മിഴികളെല്ലാം മൂടിയുറങ്ങിനില്പൂ
പണ്ടൊരു കാലമീ ചുറ്റമ്പലം നീളെ
ഭദ്രദീപങ്ങള്‍ ഭാസുരമായെരിഞ്ഞൂ

നീട്ടി നിന്നിരുന്ന കൈക്കുമ്പിളില്‍
നറുതൈലം  പകര്‍ന്നിരുന്നാ സന്ധ്യകള്‍
എങ്ങും പ്രകാശം പരത്തി കാന്തിയാല്‍
ദേവന്‍റെ കണ്ണില്‍ പൊന്‍നിറകാഴ്ചയായ്

നിര്‍മ്മാല്യനേരത്തെ ശ്രീകോവിലാകെ
മണിനാദം മോഹന താളതരംഗം
സ്വര്‍ണ്ണതളികയില്‍ നിവേദ്യമര്‍പ്പിച്ചു
മേല്‍ശാന്തി ഭവാനെ  തിടമ്പിലേറ്റുന്നൂ

എരിയുന്ന കര്‍പ്പൂരദ്രവ്യങ്ങളാലേ
ഭഗവാന് ആരതിയുഴിഞ്ഞിടുമ്പോള്‍
ശ്രീലകം കാഞ്ചനവര്‍ണ്ണ രഥമേറി
ഭക്തിയാലെ മനമാകെ ശുദ്ധമായി

വിഗ്രഹം തൊഴുതു മോക്ഷമുക്തിക്കായ്
ഭക്തരെന്നും ഭാവസ്തുതി ആലപിക്കും
തിരുമെയ്യിലോഴുകുന്ന വെണ്ണയുണ്ണാന്‍
ശാന്തിഗീതമുരുവിട്ടു ഭജിച്ചു നില്ക്കും

പകലന്തിയോളം തപം ചെയ്തു ഭക്തിയാല്‍
വെയിലേറ്റു വാടി തളരാതെ നില്പൂ
ദീപാരാധന മന്ത്രസൂക്തങ്ങളാലെ
ത്രിസന്ധ്യക്ക്‌ പരാശക്തിയുണരും

ശ്രീലകവാതിലടയുമ്പോഴും ചില
ദീപങ്കുരങ്ങള്‍ ഉണര്‍ന്നിരിക്കും നിത്യേ
രാവിന്‍റെയാമങ്ങളെണ്ണിവെളുക്കുമ്പോള്‍
കരിതീണ്ടിയാ നാമ്പിലെണ്ണ വറ്റും

ഓട്ടുമണിയോന്നുറക്കെ ചിരിച്ചീടില്‍
കൈകൂപ്പിനാമം ജപിച്ചുനില്ക്കും ഭക്തര്‍
കത്തി നില്‍ക്കുന്ന തിരികളില്‍ കൈതൊട്ടു
നെറ്റിക്ക് വച്ച് നമിച്ചു ഭജിക്കുന്നവര്‍

ശ്രീകോവിലൊരുനാല്‍ പൊളിച്ചേതോ-
ചാരന്‍ ശ്രീഭഗവാന്‍റെ വിഗ്രഹം ചോര്‍ത്തി
പൂജയില്ലാത്തൊരു തൃക്കോവിലിപ്പോഴും
ദേവനില്ലാത്തൊരു ശോകഭൂമിയാണത്രേ

കോടതിക്കുള്ളിലുറങ്ങുമാദേവന്
മോക്ഷമേകാനിനിയെത്രജന്മം വേണം
നിറമാല ചാര്‍ത്തി തൃപ്പദം തൊഴാനായ്
തിരുനടയിലേകയായ് തൊഴുതു നില്പൂ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ