2014, ജനുവരി 24, വെള്ളിയാഴ്‌ച

രാധാമണി പരമേശ്വരൻ 

കാവ്യകന്യക (കോകില ഗാനം സമീഷയില്‍ വന്നത്)

വെൺപളുങ്കുടയുന്നുവെണ്ണിലാകിണ്ണത്തിൽ
മണ്ണിന്‍റെ മാറിൽ വീണലിയുന്നാദ്രമായ്‌
സുരഭീസുന്ദരീ സുരകാവ്യകന്യകേ നീ
തഴുകിവാ, സാരേമധുരഭാഷിണിയായ്‌.

വൈഡൂര്യകാന്തിയാലെന്നന്തരാത്മാവിൽ
പ്രഭതൂകിയണയും ഭാവനാവൈഭവം
അദ്ഭുതമൂറിടും കാഴ്ചകളാലുള്ളിൽ
ഉദ്ഭവിക്കുന്നോരീദൈവികസാന്നിദ്ധ്യം.

മാനത്തുമേഘങ്ങൾ സ്വർഗ്ഗീയഭംഗിയിൽ
നീലക്കുടകൾ നിവർത്തുന്നു രാപ്പാകൽ
മധുരമനോഹരമഞ്ജുളാംഗങ്ങളിൽ
തുള്ളിത്തുളുമ്പിവാ കാവ്യസുരാംഗിതേ.

കുയിലോളം കൂകിപ്പറക്കുവാനാകാതെ
കുഞ്ഞിച്ചിറകുകൾ തോർത്തുവാനാകാതെ
ചൂടേറ്റു തൂവൽ വിരിയുന്നതിൻ മുൻപേ
കാണാത്തീരത്തേക്ക്‌ അമ്മ പറന്നുപോയ്‌.

കതിരിടും കൽപനാചക്രവാകങ്ങളിൽ
ജീവകാരുണ്യമായ്‌ അച്ഛന്‍റെ സാന്ത്വനം
കാലംകടന്നുപോയീടിലും കവചമോ
കരിപുരണ്ടറിയാതെകോലംകെട്ടുപോയ്‌.

സാരസനീരസ വേഷപ്പകർച്ചയിൽ
സുസ്മേരവദനേ വിലസുന്നുവേദിയിൽ
സൗഭാഗ്യദായകം കുറിപ്പൂ കവിതകൾ
സരസേമീട്ടുന്നു മണിവർണ്ണവീണയിൽ.

അദ്വൈതചിന്തയാൽ അന്തരംഗപ്രവാഹം
അശാന്തമൊഴുകുന്നു കാവ്യപ്രയാണം
വാഗ്ദേവതാ വരലക്ഷ്മീകടാക്ഷം
മാനസക്ഷേത്രത്തിൽ പ്രഭാപൂരപുഷ്ക്കലം.

ആദിപ്രകൃതിതൻ സർഗ്ഗവൈദഗ്ധ്യമേ
തൂലികത്തുമ്പിലൂടുതിരുന്ന രൂപതേ
ക്ഷതമേറ്റു തളരുന്നീ ജീവാത്മവിന്‌
വരവായ്‌ വർഷിപ്പൂ ശതനാമ മന്ത്രo

കാവ്യകനകാംഗിതേ കുലാംഗനായൈ
സർവ്വവിജ്ഞാന ജപാകുസുമ ഭാസുരേ
അക്ഷരമുറ്റത്തലങ്കുര ദീപ്തിയാൽ
അന്ത്യത്തിലും നീയെന്നരികിലുണ്ടാകണം.

"ജീവാത്മാവിലും അനന്തദീപാങ്കുരം
പരമാത്മാവിലും പ്രാർത്ഥനാപ്രയാണo
അന്തരാത്മാവിലും നിതാന്തചൈതന്യം
ചാർത്തിടുന്നു ഈ ജന്മസുകൃതഹാരം"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ