2014, ജനുവരി 26, ഞായറാഴ്‌ച

  ദർശനം

സൂര്യകിരണങ്ങൾ മഞ്ഞിന്റെ മാറത്തു 
നവരത്നങ്ങൾ വാരിതൂകുമ്പോൾ 
ജീവാത്മാക്കളിൽ ഓജസ്സുണർത്തുമെന്നു- 
ഷസ്സേ, നീയെത്ര ധന്യയീഭൂവിൽ

പുലരിയിൽ പൂമുഖം ചിക്കിയൊരുക്കാൻ
കാക്കകൾ കൂകി പറന്നെത്തുമ്പോൾ
തെളിനീരിറ്റിച്ചു ശുദ്ധം വരുത്തുവാൻ
തറ്റുടുക്കുന്നു തറവാട്ടമ്മ

വാനിലുദിച്ചതൻ നാഥനെ നോക്കീട്ടു
വെള്ളാമ്പലുകൾ പൂത്തുലഞ്ഞീടുന്നു
തൊട്ടുതലോടുവാനസക്തിയോടവർ
വ്യഗ്രതയാൽ നിമിഷമെണ്ണുന്നു

സുപ്രഭാതസ്തുതിചൊല്ലിപ്പറവക
ഭക്ഷണം തേടിപ്പറക്കുന്നകലേക്ക്
സൂര്യനമസ്കാരമന്ത്രമോടെ ശാന്തി
ക്ഷേത്രക്കടവിൽ കൈകൂപ്പി നിൽക്കുന്നു

പൂക്കളെചുംബിച്ചു ചാറ്റൽമഴയെത്തി
തീർഥംതളിച്ചൂ ചുറ്റമ്പലത്തിൽ
പന്തീരടിപ്പൂജകണ്ടു തൊഴാനായി
ദീപം തെളിച്ചൂ കൽമണ്ഡപങ്ങൾ

ഇടക്കയിൽ രാഗതരംഗങ്ങളാലേ
അഷ്ടപദി സ്തുതിചൊല്ലി മാരാർ
ശ്രീമഹാലക്ഷ്മ്യഷ്ടകജപമന്ത്രത്താൽ
മങ്കമാർ നോറ്റന്നു ശുക്രവാരം

പദ്മാസനസ്ഥിതയായ ശ്രീദേവിക്കു
പട്ടുടയാട ചാർത്തിപൂജാരി
മണ്ഡപത്തിൽ പാട്ടും പുഷ്പാഭിഷേകവും
ഭക്തർക്കു നിത്യേന യോഗസംഭൂതേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ