2014, മാർച്ച് 9, ഞായറാഴ്‌ച

കവിത

ഒരു നിലാപക്ഷിപോല്‍ ഞാനീയുഷസ്സില്‍
സ്വര്‍ണ്ണച്ചിറകിലേറി പറക്കട്ടെയോ
ഒരു കുളിര്‍ക്കാറ്റിന്‍റെ ഊഷ്മളഗന്ധത്തില്‍
പൊതിയട്ടെ ഞാനീ ഭൂലോകമാകേയും

വിടരുന്നപൂവിന്‍റെ ദളമര്‍മ്മരങ്ങളാല്‍
ഉണരും പുലര്‍കാല സൂര്യഗായത്രി ഞാന്‍
ജ്വലിക്കുന്നൊരു അഗ്നിപര്‍വ്വതoപോലിന്നു
കാലമാം കൈകളില്‍ ഉരുകുന്നലാവയോ!

സുരഭീസുന്ദര യാമവീഥികളില്‍ കവിതേ
നിന്നെ അക്ഷരകൂട്ടിലലിയിച്ച നിര്‍വൃതി
പതിരുകള്‍പായിച്ച് പാറ്റിക്കൊഴിച്ചു
പുന്നെല്‍ കതിരിന്‍റെയരിമണിയാക്കുന്നു

സൗരയൂഥങ്ങളിലപൂര്‍വ്വഗ്രഹമായ്
നിറയും കൈരളിയിലാഗ്നേയനാളമായ്
ധന്യമാണിന്നെന്‍റെകര്‍മ്മപഥങ്ങളാകിലും
കണ്ണുനീരാല്‍ കുതിര്‍ന്ന കടങ്കഥയീജീവിതം....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ