2013, ഡിസംബർ 14, ശനിയാഴ്‌ച


നിശാ സുന്ദരി 



ബന്ധുരയായി പിറന്നവളെങ്കിലും 
അന്ധകാരത്തിന്റെ സന്തതിയാണ് ഞാൻ
ആർക്കും പ്രിയങ്കരിയാണെന്നിരിക്കിലും
ആരുടെ സ്വന്തവും ആകാതെ പോയവൾ


തൊടിയിൽ വിരിഞ്ഞൊരു പാവം നിശാഗന്ധി
ആദിത്യതേജസ്സറിയാത്ത ദോഷി ഞാൻ
ഇരുളിൻ ഇമകൾ തുറന്നിരിക്കുമ്പോൾ
ഇടനെഞ്ചിൽ പൂക്കും ചന്ദ്രികാ വസന്തം

പകലിൽഞാനെത്രയോ തപസ്സുചെയ്തു
പകലവനെകണ്ടു മിഴി തുറക്കാൻ
സൃഷ്ടിയിൽ തന്നെ വേളിച്ചമുപേക്ഷിച്ച
പൂന്നെൽ കതിരുപോൾ നില്പൂഞാൻ രാത്രിയിൽ

കാത്തു നിൽക്കാറില്ലവളെ വസന്തങ്ങൾ
കോർത്തെടുക്കാറില്ല ഹാരങ്ങൾ തീർക്കുവാൻ
കൂരിരുൾ മൂടുന്നയാമങ്ങളിൽ ഗന്ധ-
പൂരവുമായ് സ്വയം പൂത്തു നിൽക്കുന്നു ഞാൻ

പുലരിയുണരും മുൻപ് ഇവിടെനിന്നും
ഭൂമിതൻ വിരിമാറിൽ പതിച്ചീടണം
ആരും കൊതിക്കുന്ന പുണ്യജന്മത്തിനായ്
എത്രനാൾ മണ്ണിൽ മരിച്ചുകിടക്കണം

ആയുസ്സിൽ പുസ്തകമെത്രതന്നെ
ദീർഘമോ ഹ്രസ്വമോ ആയീടിലും
ഈനിശാഗന്ധിപോലെങ്കിലും നാം
ജീവിതം സ്വാർത്തകമാക്കീടണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ