2013, ഡിസംബർ 25, ബുധനാഴ്‌ച

 

 

 

 

മോഹക്കൂട്

ആകാശമന്തോപ്പിലാടുന്ന ചില്ലയിൽ
കുഞ്ഞാറ്റപ്പെണ്കിളി മുട്ടയിട്ടു
കാറ്റുതട്ടിക്കൊഴിച്ചില്ല, തങ്കക്കിനാവാലേ
മുട്ടയ്ക്കുമേലേയടയിരുന്നു...

അന്തിമയങ്ങുമ്പോൾ വെഞ്ചാമരംവീശി
വാനിൽനിരന്നു നക്ഷത്രക്കൂട്ടം
കുഞ്ഞിളംകൈകളാൽ തൊട്ടുതലോടീട്ടു
ചുറ്റിക്കറങ്ങി വെന്മേഘങ്ങളും

ദാഹജലത്തിനായ് ചുണ്ടുവിടർത്തുമ്പോൾ
കാർമേഘമിറ്റിച്ചു നീർക്കണങ്ങൾ
ചെറുതുള്ളികളായ്ക്കൊഴിഞ്ഞാതൂവലിൽ
തട്ടിത്തെറിച്ചുപോയ് വെള്ളിക്കുടം

അമ്മനനഞ്ഞിട്ടും മുട്ടനനഞ്ഞില്ല
ഒട്ടുംകിനിയാതെരാവുണർന്നു
ചന്ദനപ്പല്ലക്കിൽ ചാരേയണഞ്ഞിടും
സൗന്ദര്യദേവത ചന്ദ്രലേഖ.

കൈകൊട്ടികണ്ണുമിഴിച്ചു തണുപ്പേകാൻ
ഹേമന്തസുന്ദര രാത്രിയെത്തി
കുഞ്ഞിചിണുങ്ങുകൾ കേൾപ്പതിനായിട്ടു
പഞ്ചവർണ്ണക്കിളികാതോർത്തു

വാനിലെമേച്ചിൽപുറങ്ങളും തേടി
സ്വപ്നചിറകിൽ പറന്നുയർന്നു
അമ്മയാകാനുള്ള തൃഷ്ണയിൽ പൈങ്കിളി
ഭാവനകോരി മനംനിറച്ചു

പൊന്നുംപുലരി പൂത്തെഴുന്നേറ്റപ്പോൾ
ആരുംക്ഷണിക്കാതെ സൂര്യനെത്തി
നിർഭയം ചില്ലാട്ടമാടിതകർത്തിട്ടു
മുട്ടയോടൊപ്പം കുഞ്ഞാറ്റക്കിളി

നീട്ടിയാചുണ്ടിന്റെ തുമ്പിലൊരിത്തിരി
തേനും വയമ്പും കരുതിവെച്ചു
മുട്ടയിലങ്ങിങ്ങുചിന്നലു പേറീട്ടു
പൊട്ടിവിരിഞ്ഞൊരു കുഞ്ഞോമന

കൊക്കു നീട്ടിവലിച്ചടുപ്പിച്ചന്നവൾ
കുഞ്ഞിനെ നെഞ്ചിൻ നീർമണിത്തട്ടിൽ
കണ്ണ്തുറന്നില്ല തൂവൽകരുത്തില്ല
കുഞ്ഞിക്കാലൂന്നിത്തുഴഞ്ഞു പൈതൽ

മിന്നിത്തിളങ്ങും വർണ്ണചിറകുമായി
കൊഞ്ചിവിടർന്നു ഓമൽമിഴികൾ
ഇളംമഞ്ഞത്തലപ്പാവും പൂവുടലും
നീണ്ടു ചന്തമേറിയ പൂമുഖം

കൊത്തിയൊരുക്കീ കന്നികുഞ്ഞിനെ
ചുണ്ടുവിടർത്തിയീറ്റി തേൻകണം
നെഞ്ചോടുചേർത്തവൾ താരാട്ടുപാടീട്ടു
ചക്കരമുത്തം കൊടുത്തുറക്കി
See more

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ