2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

എന്‍റെ അവസ്ഥാന്തരം ----- കവിതയുടെ ഒന്നാം ഭാഗം

ഈ കവിത എങ്ങനെയോ ഇതില്‍നിന്നും നഷ്ടപ്പെട്ടുപോയി. ഒരിക്കല്‍ക്കൂടിക്കൂടി പ്രസിദ്ധീകരിക്കുന്നു.

എവിടെയോ പോയ്‌മറഞ്ഞെന്‍റെയാ-ന്നേ
ബാല്യവും കൌമാരവും പിന്നേയും
പിറവി കൊതിക്കുമൊരു പൈതലായ്
ചിന്തയില്‍ കനംവച്ച ഭൂതകാലം

ഓര്‍ത്തെടുക്കാനെത്ര ദശാന്തരം
ഒളിചിന്നീ മിന്നീ മരിക്കാത്തോര്‍മ്മകള്‍
ഭൂതകാലങ്ങളയവിറക്കി നില്പൂ
കോള്‍മയിര്‍ക്കൊള്ളുമീ നാലുകെട്ടില്‍
ഞാനെന്‍റെ ബാല്യം മറന്നുവച്ച
തേനൂറും ഓര്‍മ്മ കള്‍ പങ്കിടട്ടെ

കോരികുടിച്ചൂ ബാല്യലീലാമൃതം
പാറ്റിക്കൊഴിച്ചൂ കുഞ്ഞിക്കുറുമ്പുകള്‍
പൊന്നോണനാളിലെ അത്തക്കളങ്ങളില്‍
പൂത്തുമ്പിയായി പാറിപറന്നനാള്‍

കാതില്‍ കുണുക്കിട്ട് കാലില്‍ ചിലമ്പിട്ട്
കാറ്റത്തു തുള്ളുന്ന കാനനമുല്ലയായ്
കോരിനിറച്ചെന്‍റെ മാനസപ്പൊയ്കയില്‍
താമര പൂത്ത തടാകഹൃദന്തങ്ങള്‍

പിന്നെയും കണ്‍നട്ടു കാത്തിരിപ്പൂ
കാണാന്‍ കൊതിക്കുന്ന പിന്നാമ്പുറം

ഓര്‍മ്മയില്‍ തെളിയുന്നൊരു ഭൂതകാലം
ഓര്‍ക്കാന്‍ കൊതിക്കുന്നൊരു ഭൂതകാലം
മടങ്ങിയെത്താത്തൊരു ഭൂതകാലം
മരണമില്ലാത്തൊരു ഭൂതകാലം

അമ്മയില്ലാ കൌമാരം വിസ്മരിക്കേ
അച്ഛന്‍റെ ചുംബനം കവിളിലുണ്ട്
തൊട്ടുതലോടുമാ സ്നേഹത്തുടിപ്പുകള്‍
ഒമാനിക്കാനെനിക്കേറെയിഷ്ടം

പുനരാഗമിക്കുന്നു മണിപ്പുരാണങ്ങള്‍
പുണരുന്നു സുരഭിലസുരാoഗിയായ്
അച്ചന്‍റെ വാത്സല്യ ത്തുമ്പി ഞാനോ
പാറിപ്പറക്കുന്നകാലസ്മരണകള്‍

യൌവനാംഗങ്ങളില്‍ തങ്കസൂര്യപ്രഭ
അഴകാര്‍ന്നു ചാരുമനോഹരിയായ്
മംഗല്യപ്പൊട്ടും താലിയും മോദമായ്
ഭര്‍ത്തൃപാദങ്ങളില്‍ തൊട്ടുനമിച്ചതും
ആദ്യവസന്തം പിറന്നമ്മയായതും
സ്വപ്നസാഫല്യമായ് പൂത്തുലഞ്ഞീടിലും

പുരാവൃത്തം പുതിയ പ്രഭാസനം
പുനര്ജ്ജനിക്കുന്നു പുതിയ പ്രാബോധനം
കാലം തേങ്ങലായ് കാതിലോതി പിന്നെ
കണ്ടുതീരാത്ത കഥാവിഷ്‌ക്കാരങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ