2014, ഫെബ്രുവരി 22, ശനിയാഴ്‌ച

 ഋതുമതി


വൈകുന്നതെന്തേ വിരിയുവാൻ നീ 
വാസന്ത സൗപർണ്ണ ലോലസന്ധ്യേ 
സ്വപ്നാടനത്തിലൂടെന്നപോലെ 
എൻവഴിത്താരയിൽ നിൻപ്രയാണം

ഭാവപ്പകർച്ച കൈകൊണ്ടിടാതെ
ഭാസുരമാംമുഖം മ്ലാനമായോ
അഞ്ജനം കണ്‍കളിൽ ചാർത്തിടാതെ
മൗനിയായ് വന്നുവോ മാഞ്ഞുപോകാൻ

ചെമ്പട്ടുചേല ഞൊറിഞ്ഞുചുറ്റി
ഇന്ദ്രചാപാഭയിൽ മുങ്ങിനീന്തി
കാഞ്ചനദീപ്തി കരളിലേകി
കാമിനീ നീയെന്‍റെ മുന്നിലെത്തി

നക്ഷത്ര ചൂഡാമണികൾചാർത്തി
അക്ഷയജ്യോതി പ്രകാശമായി
വിണ്ണിന്‍റെ മുറ്റമലങ്കരിക്കൻ
സ്വർലോകസുന്ദരീ നീയണഞ്ഞോ

തൃക്കൈലെന്തേ കിലുങ്ങിയില്ല
തില്ലാനയാടുന്ന കുപ്പിവള
ആഴിക്കുമേലേ നോക്കിനില്പൂ
ആനൃത്തചൈതന്യമാസ്വദിക്കാൻ

ആത്മാവിൽ നൊമ്പരനീറ്റലോടെ
തേജോമയീ നിന്നെ കാത്തിരിപ്പൂ
പാൽക്കടൽ നടുവിലെ മുത്തുനൽകാം
പാദസ്വരങ്ങൾ കിലുക്കീടുമോ!

സുന്ദരീ നിൻ മൃദുമേനിയാകെ
വൈഡൂര്യകാന്തിയാലാരൊരുക്കി
ഋതുമതി നിൻനവതാരുണ്യം
ഹൃദയത്തിൽ ചാർത്തുന്നു ലാവണ്യം

എൻവിരിമാറിൽ പതിഞ്ഞീടുമോ
നിൻമദവക്ഷോജ സിന്ധൂരങ്ങൾ
മൃദുലമായ് ചുണ്ടുചുരത്തീടുന്ന
അമൃതകണങ്ങൾ തൂകിയാലും

പോകാതെവയെന്‍റെ താരുണ്യമേ
ആശംസയോടെന്നെ യാത്രയാക്കൂ
പൂർണ്ണകുംഭംപോൽ ഉഷസ്സിലെത്താം
കാവ്യമായുള്ളിലുണരുമോ നീ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ