2014, ഫെബ്രുവരി 15, ശനിയാഴ്‌ച

അദ്വൈതം (280വരികളിൽ നിന്നും) 


അദ്വൈതം മുഴങ്ങുന്ന കാലടിഗ്രാമത്തിലെ 
ആദ്ധ്യാത്മ പർണ്ണാശ്രമം തേടീയെൻ തീർത്ഥാടനം 
ശങ്കരപ്രതിഭതൻ ദര്‍ശനപ്രഭാവമെൻ 
നെഞ്ചിലെ ശംഖിനുള്ളിൽ തീർഥമായ്നിറഞ്ഞെങ്കിൽ 

ഗോവിന്ദം ഭജിക്കുവാൻ ആഹ്വാനമരുളിയ
ആചാര്യമുറ്റത്തു ഞാൻ ഹരിശ്രീ കുറിക്കട്ടെ
ആ ദീപ്തനക്ഷത്രത്തിൻ ജ്യോതിതൻ പുണ്യത്തോടെ-
യാകണം എനിക്കെന്‍റെ ധന്യമാം വിദ്യാരംഭം

ഇന്നുഞാൻ ആത്മാവിന്‍റെ നൈർമല്യം വിരിയിച്ച
മന്ദാരപുഷ്പം ഭവൽ തൃക്കാല്ക്കല്‍ lഅര്‍പ്പിക്കട്ടെ
ഇതിലേവീശീടുന്ന കാറ്റെന്നിൽ ചാര്‍ത്തിക്കുന്നു
'സൗന്ദര്യലഹരി' തൻ സൗരഭ്യ കളഭങ്ങൾ

ഇതിലേയൊഴുകുന്ന പെരിയാറനിക്കുള്ളിൽ
ദിനവും 'ശിവാനന്ദ' ലഹരീ തീർഥാമൃതം
മനസ്സിൽ ജ്ഞാനത്തിന്‍റെ സാഗരം തുറന്നിട്ട
മഹത്താം വേദാന്തത്തിൻ ശാശ്വതചൈതന്യമേ

ആ സന്നിധാനത്തിലേ ആയിരം വിളക്കിലേ
നാളെമെൻ നാവിൽ നിത്യം താരമായ് തെളിയേണെ
എന്നിലേക്ക് ആവാഹിച്ചു നിർത്തട്ടെ ഞാനെൻബ്രഹ്മ-
നന്ദിനീ സാരസ്വത സാക്ഷരസാക്ഷാത്കാരം

ഈ വിശ്വപ്രകൃതിയിൽ ശ്രുതികൾ സനാതനം
കാലമോ കനിഞ്ഞേകും പുണ്യമാം വരദാനം
വിധിയെ നിഷേധിക്കാൻ ആവില്ല കറയറ്റ
നൈഷ്ഠിക ബ്രഹ്മചര്യം ഉണ്ണിക്കു മനോബലം

സർവ്വഞ്ജപീഠം കേറി ശോഭിച്ച ശ്രീശങ്കരൻ
അമ്മയ്ക്കു മുക്തിപ്രാപ്തിയേകുവാൻ തിരിച്ചെത്തി
ആത്മീയ സാക്ഷാത്കാരം അദ്വൈത സിദ്ധാന്തത്തിൻ
ആത്മമോക്ഷത്തിനു നിത്യസായൂജ്യം പകർന്നു

എന്‍റെ വേദാന്തസമര്‍പ്പണo

ഇന്നോളം ഞാനാർജിച്ചതൊന്നുമേ എന്റേതല്ല
ഇന്നിപ്പോൾ അറിയുമ്പോൾ ദുഖമില്ലെനിക്കൊട്ടും
എന്‍റെയീ ഇല്ലായ്മതൻ ബോധമാണെനിക്കുള്ളിൽ
ഉന്നതസമ്പാദ്യത്തിൻ സാഗരം രചിക്കട്ടെ

1 അഭിപ്രായം: