2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

വിഷുമലരി


മേടപ്പുലരിയില്‍ പൂവണി നിറയെ
തൊഴുതു വിരിഞ്ഞു കണിക്കൊന്ന
കണ്ണിനു കുളിരായ് കനകപ്രഭയായ്
പൂത്തു ലസിപ്പൂ കൊന്നമണി

മഞ്ഞളുരാകി കിങ്ങിണി ചാര്‍ത്തി
മന്ദം മന്ദം വന്നവളോ നീ
സൂര്യപ്രഭയാല്‍ ഇതളു വിളങ്ങി
ഉത്തമപുഷ്പ്പ തരുണിമയായ് !

പൂങ്കുല മെല്ലെ പൊഴിച്ചഴകോടെ
കാറ്റത്താടിയുലഞ്ഞു രസിക്കേ
മനസ്സിനു മോഹനവര്‍ണ്ണക്കുതുകം
മണ്ണിന്‍മാറില്‍ മാദകഭാവം

ഉണ്ണിക്കണ്ണനു പൊന്‍നിറയോടെ
വീട്ടിലൊരുക്കീ കൊന്നമലര്‍ക്കണി
കൗമാരത്തില്‍ വിഷുസംക്രാന്തി-
ക്കെത്ര കൊതിച്ചു കൊന്നപ്പൂ!

പൊന്നിന്‍ വിഷുനാള്‍ മഞ്ഞണിമലരുകള്‍
ശോഭയെഴുന്നൊരു ശുഭനിമിഷം
കണ്ണിണ പൊത്തി കണികണ്ടുണരും
കരളു നിറയ്ക്കും കൈനീട്ടം

മോദനമോഹന വെള്ളിത്തുട്ടുകള്‍
ഭാസുരഭാവുക സമ്പാദ്യം
ഭഗവത്നിര്‍മ്മല പൂരപ്പിറവി
വസന്തസംഗമ സുദിനാഘോഷം

മാധവമലരീ നവസംക്രമണം
പാടിയുണര്‍ത്തീ വിഷുപ്പക്ഷി
കൈരളി ചൂടിയ കനകകിരീടം
മാക്ഷികമധുരം മേടപിറവി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ