2014, ഫെബ്രുവരി 22, ശനിയാഴ്‌ച

രാധാമാധവം
===0=== 

മാധവമാസത്തിന്‍ കുളിര്‍ നിലാവില്‍
താമരത്തോണി തുഴഞ്ഞു നീ എത്തി
അതിഗൂഡമാരോടുമോതുവനാകാത്ത
പ്രണയാമൃതം തൂകിയെന്നിലലിഞ്ഞു

കണ്ണാ നിന്‍ കുവലയ രൂപമെന്നുള്ളില്‍
പൂത്തുനില്ക്കുന്നോരു സരോവരം
മാധവാ നീ ഒരു തേന്‍മഴയായുള്ളില്‍
പെയ്തൊഴിയാത്തൊരു മധുരവര്‍ഷം

കാലാന്തരങ്ങളായ് മാനസക്ഷേത്രത്തില്‍
പൂജിച്ചു ഞാന്‍ നിന്‍റെ കമനീയമാം രൂപം
കാളിന്ദിതീരത്തു ദേവപ്രീതിക്കായ് മദന-
നടനമാടും നര്‍ത്തകി സുന്ദരി രാധ ഞാന്‍

ഒരു തുളസിക്കതിരായ്ന്നിതാ നെഞ്ചോടു
ചേര്‍ന്നു മയങ്ങുന്നു മോഹമായ്, സന്ധ്യ-
തന്‍ മായാചെങ്കടല്‍ പുണരുവാന്‍ പുണ്യ
തീര്‍ത്ഥമായ് ഒഴുകുന്നു യുഗാന്തരങ്ങളായ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ