2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

ത്രിസന്ധ്യ


സന്ധ്യേ,സുന്ദരീ, നിനക്കീ പുലരികിരണങ്ങളാലെ
മിന്നുമൊരു പൊന്‍താലി പ്രണയഹാരo തീര്‍ത്തു
തങ്കത്തളികയില്‍ പൂജിച്ചേഴഴകായ്‌ചാര്‍ത്താന്‍
അനുരാഗവിവശനായ്‌ മോഹിച്ചുനിന്നു ഞാന്‍

ചന്ദനപ്പല്ലക്കില്‍ ദേവപൂജക്കായ് നിത്യവും
പുഞ്ചിരിച്ചഴകായ്‌ വരൂ കസവണിയും കാവ്യമേ
വൈഡൂര്യമണിയിക്കാം, സിന്ദൂരക്കുറി തൊടാം
കൊന്നപൂവര്‍ണ്ണമാം കണിയല്ലോ സുമംഗലീ

ചെന്തമാരയോലും ശോഭയാണവള്‍ക്കിന്നു
വാരിചുംബിക്കനെന്നുള്ളമേറെക്കൊതിപൂണ്ടു
അകലെ നിന്നെങ്കിലും നൊമ്പരഭാവത്തില്‍
അരുമയോടെന്തോ മൊഴിഞ്ഞവള്‍ മൗനമായ്‌

പിരിയാനാകാതെ, നീയെന്‍റെ വിശ്വമോഹിനി
മനമാകെനിറയുന്നു ആനന്ദാമൃതകുംഭങ്ങള്‍
ഒരുനാളും ഓമനേ, നിമിഷനേരo തഴുകാതെ
പോകില്ല കടലിന്നാഴത്തില്‍ അസ്തമയത്തിനായ്

തളിരിളം പൂക്കളെ താലോലമാട്ടുവാന്‍
അമ്മയായ് മടിനീട്ടി വിളയാടിടും സന്ധ്യേ
പൂനിലാവിനെപുണരാനായ്‌ നീ മാഞ്ഞതോ
ആ ശോണിമയിപ്പോഴു ഒളിമിന്നി നില്പ്പു

ദേവാoഗനേ, ദേവി നീ എന്‍റെ നിത്യകാമുകി
എഴുതിയാല്‍ തീരാത്തൊരു പ്രണയകാവ്യം
മാനസവീണയില്‍ തന്ത്രികള്‍ മീട്ടുമോ നീ
സപ്തസ്വരങ്ങളുമലിയുമൊരു കവിതയായ്

ഐശ്വര്യലക്ഷ്മിയെയണിയിചൊരുക്കുമ്പോള്‍
പൊന്നേ ഭദ്രദീപമേന്തി പൂജിച്ചെതിരേല്ക്കുമ്പോള്‍
പുഷ്പ്പങ്ങള്‍ അര്‍പ്പിച്ചു കര്‍പ്പൂരമെരിയുമ്പോള്‍
ജപഗീതം പ്രണയസ്മ്രിതിയായ് കേട്ടു ഞാനുറങ്ങട്ടെ

സന്ധ്യേ, നിന്‍റെയീ പ്രിയതമന്‍ കുങ്കുമവര്‍ണ്ണനായ്‌
അലകളാo അധരത്തില്‍ പ്രതിഭാസമായണയുമ്പോള്‍
ഇരുളടയുമീ പാരിന്നുടലാകെ പൊന്നാടചാര്‍ത്താന്‍
വര്‍ണ്ണത്തേരിലുദിച്ചുയരുമുഷസ്സില്‍ തങ്കകിരീടവും ചൂടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ