2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

എന്‍റെ അവസ്ഥാന്തരം ----- കവിതയുടെ രണ്ടാം ഭാഗം 


പിന്നെയും കണ്‍നട്ടു കാത്തിരിപ്പൂ
കാണാന്‍ കൊതിക്കുന്ന പിന്നാമ്പുറം

പേടിപെടുത്തു൦ വന്‍കാവു മുന്‍പില്‍
പേക്കോലമായ് പടുവൃഷങ്ങളും
ഹോമവും പൂജയുമാര്‍ക്കുവേണ്ടി
കരയാനാകാത്ത കല്‍വിളക്കേ,
ആയില്യംകാവിലെആശാലതാദികള്‍
പാമ്പായ് ശിലയില്‍ ചുറ്റിക്കിടക്കുന്നു
മഞ്ഞളു തൂകിയ നഗരാജാവിനെ
പൂക്കുലപോലെ പൊതിയുന്നു വാല്‍മീകം
മഞ്ഞച്ചാന്തിലിഴഞ്ഞ മനുഷ്യസര്‍പ്പം
മണ്‍മറഞ്ഞിട്ടെത്രയോ വര്‍ഷമായ്
കാവു തീണ്ടും കരിമഷികോലങ്ങള്‍
കാറ്റത്തു കാലം തൂത്തെറിഞ്ഞു

ഓര്‍മ്മയില്‍ തെളിയുന്നൊരു ഭൂതകാലം
ഓര്‍ക്കാന്‍ കൊതിക്കുന്നൊരു ഭൂതകാലം
മടങ്ങിയെത്താത്തൊരു ഭൂതകാലം
മരണമില്ലാത്തൊരു ഭൂതകാലം

എരിഞ്ഞുത്തീരുന്ന നഷ്ടബോധം
എന്തിനോവേണ്ടി പരതുന്നു പിന്നെയും
മരവിച്ചുപോയൊരുമനസ്സിനുള്ളില്‍
മതിവരാതാടുന്നു മോഹങ്ങളും

ആര്‍ദ്രമാം കണ്ണിന്‍റെ കാഴ്ച മങ്ങി
ആകെ കറുപ്പായ് അന്തരംഗം
വെള്ളിമുടി മേഞ്ഞ ശിരസ്സിനുള്ളില്‍
ഉള്‍ത്തുടി പ്പാര്‍ന്ന മര്‍മ്മരങ്ങള്‍

ഒടിഞ്ഞുത്തൂങ്ങിയ ചില്ലപോലെ
ഇളകിയാടു ന്നു ദന്തങ്ങളും
പല്ലിളിച്ചിഴയുന്ന ഏകാന്തത
പകരുന്നു നനവാര്‍ന്ന സ്വാന്തനങ്ങള്‍

സൌഹൃദം ഇന്നലെ വേദാന്തമായ്
കര്‍മ്മപഥത്തിന്‍റെ ഉള്‍ക്കാഴ്ചയില്‍
അവഹേളനങ്ങളാല്‍ അഭിഷേകമാടി
അരങ്ങൊഴിയാന്‍ ദിവസങ്ങളെണ്ണി

വൈധവ്യ ദു:ഖാഗ്നി പടര്‍ന്നെരിഞ്ഞു
സന്താനമെല്ലാം വഴിപിരിഞ്ഞു
രക്തബന്ധത്തിന്‍റെ നിസ്വനങ്ങള്‍
പിടിമുറുക്കുന്നൊരുപ്രേതമായ

കാണാത്ത സ്വപ്നങ്ങലുരുക്കഴിച്ചു
അടച്ചുവച്ചു ശോകച്ചെപ്പിനുള്ളില്‍
വിങ്ങിപ്പൊട്ടിയ നൊമ്പരങ്ങള്‍
മുരടിച്ചു, കൂട്ടിനു രോഗമായ്

ഖിന്നയാം ഞാനിന്നശരണയായ്
വാര്‍ദ്ധക്യവിവശയായ് വിറച്ചിരിപ്പൂ
ജീവന്‍റെ സാന്ത്വനച്ചായാതലങ്ങളില്‍
തേടുന്നു മറ്റൊരു ശരണാലയം

കരയ്ക്കടുക്കാത്തൊരു വഞ്ചിപോലെ
പതഞ്ഞൊഴുകീ സങ്കടകടലിനുള്ളില്‍
ആടിയുലഞ്ഞ് തിരകള്‍ വകഞ്ഞ്
ജീവിതനൌകയില്‍ ഏകാകിയായ്

ഇവടെ കുറിക്കുന്നെന്‍ അന്ത്യപത്രം
ഇളകാത്ത ശിലാലിഖിതംപോലെ
മൃദുവായ് മൃത്യു പൂകിടും നാളില്‍
ഈ മിഴി രണ്ടും പകര്‍ന്നെടുത്തുകൊള്ളൂ
ആത്മാവ് വിടചൊല്ലി പടിയിറങ്ങുമ്പോള്‍
കരയാതെ, കീറിമുറിച്ചു പഠിച്ചുകൊള്ളൂ
ഇവടെ കുറിക്കുന്നെന്‍ അന്ത്യപത്രം.............
ഇവടെ കുറിക്കുന്നെന്‍ അന്ത്യപത്രം.............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ